ഗുരുവായൂരിൽ കല്യാണമേളം; ഒറ്റ ദിവസം നടക്കുന്നത് 356 വിവാഹങ്ങൾ
text_fieldsതൃശൂർ: ഗുരുവായൂർ അമ്പലനടയിൽ കല്യാണമേളം തുടങ്ങി. ആറ് മണ്ഡപങ്ങളിലായി 356 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. പുലർച്ചെ നാലു മുതൽ കല്യാണങ്ങൾ തുടങ്ങി. ആദ്യ മൂന്നുമണിക്കൂറിനകം 130 വധൂവരൻമാരുടെ താലികെട്ട് നടന്നു.
മണ്ഡപങ്ങളെല്ലാം ഒരേ പോലെ അലങ്കരിച്ചിരിക്കുകയാണ്. വിവാഹ മണ്ഡപത്തിന് സമീപം രണ്ട് മംഗളവാദ്യസംഘവുമുണ്ട്. ഗുരുവായൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒന്നിച്ചു നടക്കുന്നത്. 2017ൽ 277 വിവാഹങ്ങൾ വിവാഹങ്ങൾ നടന്നിരുന്നു. ആ റെക്കോഡാണ് മറികടക്കാൻ പോകുന്നത്.
വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ടിന്റെ സമയമാകുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേനട വഴി മടങ്ങണം. വധൂ വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളൂ.
ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായതിനാലാണ് ഇന്ന് വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാൻ കാരണം. മാത്രമല്ല, ഞായറാഴ്ചത്തെ അവധിയും മറ്റൊരു കാരണമായി. ഇന്നത്തെ കല്യാണം പ്രമാണിച്ച് ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.