ആരെയും ക്ഷണിക്കാതെ ആ വിവാഹ ക്ഷണക്കത്ത്!
text_fieldsകോട്ടയം:
‘29-05-1977,
സുഹൃത്തുക്കളെ,
മേയ് 30ന് ഞാൻ വിവാഹിതനാകുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരു അറിയിപ്പായി കരുതുമല്ലോ,
സ്നേഹപൂർവം , ഉമ്മൻ ചാണ്ടി’.
മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിവാഹ ക്ഷണക്കത്ത് ഇങ്ങനെയായിരുന്നു. കോൺഗ്രസിലെ യുവതുർക്കികളുടെ കാലത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിവാഹം. മുഖ്യമന്ത്രി എ.കെ. ആന്റണി ഉൾപ്പെടെ അവിവാഹിതരായിരുന്നു. ആന്റണിയുടെ അവിവാഹിത സംഘമെന്ന പേരുതന്നെയുണ്ടായിരുന്നു അക്കാലത്ത് ഈ യുവനേതാക്കൾക്ക്. എന്നാൽ, ആ സംഘത്തിൽനിന്നു ആദ്യം പുറത്ത് ചാടിയത് ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിവാഹത്തെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് തന്റെ പുസ്തകമായ കാൽനൂറ്റാണ്ടിൽ വിവരിച്ചിട്ടുണ്ട്. ‘ആന്റണിയുടെ അവിവാഹിത സംഘത്തിൽനിന്ന് തന്റെ ഉറ്റ തോഴനായ ഉമ്മൻ ചാണ്ടി കാലുമാറിയത് ആയിടെയാണ്. വിവാഹക്കാര്യം ഉമ്മൻ ചാണ്ടി ആരോടും പറഞ്ഞില്ല. ആർക്കും ക്ഷണക്കത്തും കൊടുത്തില്ല. കേട്ടറിഞ്ഞ് പലരും കോട്ടയത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് മറിയാമ്മയുടെ വാക്കുകളും ശ്രദ്ധേയം; വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് തനിക്കൊരു പ്രണയലേഖനം ഉമ്മൻ ചാണ്ടിയിൽനിന്ന് വന്നത്. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിനിടെയാണ് വിവാഹം ഉറപ്പിക്കുന്നത്. ആ സമയത്താണ് ആദ്യത്തെ പ്രേമലേഖനം! ആകാംക്ഷയിൽ തുറന്ന് നോക്കിയപ്പോൾ രണ്ടേ രണ്ടുവരി മാത്രം. ‘തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാർഥിക്കുമല്ലോ’ എന്നായിരുന്നു ആ വരികൾ. വിവാഹം ഉറപ്പിച്ചിരിക്കുവല്ലേ, മറുപടി അയക്കാതിരുന്നാൽ മോശമല്ലേയെന്ന് തന്റെ അമ്മാമ്മ പറഞ്ഞതും മറിയാമ്മ ഓർമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.