വിവാഹ വിരുന്നിൽ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങൾ വിളമ്പി വിഷബാധയേറ്റ സംഭവത്തിൽ അതിഥിയായ എക്സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി. 2019 മേയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെൻറ് സ്റ്റീഫൻ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് കേസിനാസ്പദമായ സംഭവം.
ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത കാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്.
സുഹൃത്തിൻറെ മകന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് നില വഷളായതിനാൽ കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റായാണ് ചികിത്സ തേടിയത്.
ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയും എക്സൈസ് ഉദ്യോഗസ്ഥനുമായ വി. ഉൻമേഷ്, ഭക്ഷണ വിതരണക്കാരായ സെൻറ് മേരിസ് കാറ്ററിങ് സർവിസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിങ് ഏജൻസിയിൽ നടത്തിയ പരിശോധന റിപ്പോർട്ടും കോടതി പരിഗണിച്ചു. കൂടാതെ, വിവാഹത്തിൽ പങ്കെടുത്ത മറ്റു പത്തോളം പേർക്കും ഭക്ഷ്യ വിഷബാധയേറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി.
കാറ്ററിങ് ഏജൻസിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കോടതി, നഷ്ടപരിഹാരമായി 40,000രൂപ ഒമ്പത് ശതമാനം പലിശ നിരക്കിൽ 30 ദിവസത്തിനകം പരാതിക്കാന് നൽകാൻ ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.