കുടകിൽ വാരാന്ത്യ കർഫ്യു പുനഃസ്ഥാപിച്ചു; യാത്രാ നിയന്ത്രണം 19 വരെ നീട്ടി
text_fieldsമാനന്തവാടി: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കർണാടക കുടക് ജില്ലയിൽ നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുന്നതോടൊപ്പം വാരാന്ത്യ കർഫ്യു പുനഃസ്ഥാപിച്ചു. കുട്ട, മാക്കൂട്ടം പാതകൾവഴി കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനുവരി 19 വരെ നീട്ടി.
ഇതോടെ കുടകിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ180 ദിവസം പിന്നിട്ടു. നേരത്തേ ഇറക്കിയ നിയന്ത്രണ ഉത്തരവിന്‍റെ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ് കർഫ്യു.
ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കാൻ വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും ചരക്കുവാഹന തൊഴിലാളികൾക്ക് ഏഴു ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ നടപടി അതേപടി തുടരാനാണ് തീരുമാനം. ഒമിക്രോൺ രോഗികൾ വർധിച്ചതോടെ മതപരമായ ചടങ്ങുകൾ ഉൾപ്പെടെ ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
മാക്കൂട്ടം, കുട്ട, ബാവലി അതിർത്തികളിൽ നിലവിലുള്ള പരിശോധന ശക്തമാക്കി. ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് ഇല്ലാത്തവരെ കടത്തിവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞദിവസം നടപടി എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.