വെറുപ്പിന്റെ കട വിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്യുന്നു - വി.ഡി. സതീശൻ
text_fieldsപാലക്കാട് :വെറുപ്പിന്റെ കട വിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറായ ആളാണെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്ന് എം.വി ഗോവിന്ദനും എ.കെ ബാലനും എം.ബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. അത് ഞങ്ങളും ശരിവെക്കുന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്ദീപ് വാര്യര്‍ പ്രകടിപ്പിച്ച താത്പകര്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാർഥി പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടില്ല. ബി.ജെ.പിയില്‍ കലാപം നടക്കുകയാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും ഹവാല ഇടപാടുകാരുടെയും നേതൃത്വമാണ് കേരളത്തിലെ ബി.ജെ.പിയിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദാര്യത്തില്‍ നില്‍ക്കുന്ന ആളാണ് കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍. മുഖ്യമന്ത്രിയുടെ കേസുകളില്‍ സഹായിച്ചതിന് പകരമായി കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിയാകേണ്ട കെ. സുരേന്ദ്രന്‍ സാക്ഷിയായി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കുറ്റപത്രം വൈകിപ്പിച്ച് സുരേന്ദ്രനെ രക്ഷപ്പെടുത്തി. രണ്ടു കേസുകളിലാണ് പിണറായി വിജയന്‍ സുരേന്ദ്രനോട് നന്ദി കാട്ടിയത്.
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യു.ഡി.എഫ് താലോലിക്കില്ല. വോട്ട് കിട്ടുന്നതിനു വേണ്ടി ഒരാളെയും സുഖിപ്പിക്കില്ല. മതേതരത്വ നിലപാടാണ് യു.ഡി.എഫിന്റേത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ പ്രീണനമാണ് നടത്തിയത്. ന്യൂപക്ഷ വോട്ട് കിട്ടാതെ വന്നപ്പോള്‍ ഭൂരിപക്ഷത്തിനു പിന്നാലെയായി.
ഓന്ത് നിറം മാറുന്നതു പോലെ നയം മാറ്റുന്ന സമീപനം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. സി.പി.എം സഹായത്തോടെ മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. വര്‍ഗീയതയുടെ ക്യാമ്പ് വിട്ട് മതേതരത്വത്തിന്റെ ക്യാമ്പിലേക്ക് വരുന്ന സന്ദീപ് വാര്യരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.