അംഗത്വം വർധിപ്പിക്കുന്നതിനായി ക്ഷേമനിധി ബോർഡുകൾ സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : അംഗത്വം വർധിപ്പിക്കുന്നതിനായി ക്ഷേമനിധി ബോർഡുകൾ സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബോർഡിന്റെ വരുമാനം വർധിപ്പിക്കണം. ബോർഡുകളുടെ നല്ല നിലയിലുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വരുമാന വർധനവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും കൈവരിക്കുകയുള്ളൂ. അധിക ചെലവ് വരാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി പ്രതിമാസ റിപ്പോർട്ട് ലേബർ കമീഷണർക്ക് നൽകണം.
ക്ഷേമനിധി ഓഫീസിൽ ഓരോ ആവശ്യത്തിനും വരുന്ന അംഗങ്ങളോടും പൊതുജനങ്ങളോടും മാന്യമായി പെരുമാറുകയും അന്നു തന്നെ ചെയ്തു നൽകുവാൻ കഴിയുന്ന കാര്യങ്ങൾ അന്നു തന്നെ ചെയ്തു കൊടുക്കുകയും വേണം. അല്ലാത്ത കേസുകളിൽ എത്ര ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കപ്പെടും എന്ന് വ്യക്തമായ മറുപടി നൽകുകയും വേണം.
എല്ലാ മാസവും ജില്ലാ ഓഫീസർമാരുടെ യോഗം മേധാവി വിളിച്ചു ചേർത്ത് പ്രവൃത്തി അവലോകനം ചെയ്യണം. ഈ അവലോകന യോഗത്തിൽ ഓഫീസുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സെപ്റ്റംബർ മാസം ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരെയും സി.ഇ.ഒ മാരെയും ബോർഡ് അംഗങ്ങളെയും തൊഴിലാളി യൂനിയൻ നേതാക്കളെയും ഉൾപ്പെടുത്തി ശില്പശാല നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.