ഗണേഷ് കുമാറിന്‍റെ പ്രതിഷേധം; മുന്നാക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവിയിൽ നിന്ന് കേരള കോൺഗ്രസ്-ബി പ്രതിനിധിയെ നീക്കിയ നടപടി സർക്കാർ മരവിപ്പിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് തീരുമാനം മരവിപ്പിച്ചത്. കേരള കോൺഗ്രസ്-ബിക്ക് തന്നെ ചെയർമാൻ പദവി തിരികെ നൽകി കൊണ്ടുള്ള പുതിയ ഉത്തരവ് ഉടൻ സർക്കാർ പുറപ്പെടുവിക്കും.
സി.പി.എമ്മിന്‍റെ ഏകപക്ഷീയ നടപടിക്കെതിരെ അതൃപ്തി ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൺവീനർക്ക് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കത്ത് നൽകിയിരുന്നു. മുന്നണി മര്യാദക്ക് ചേരാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ പുതിയ നിയമനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്-ബിയെ വെട്ടിയാണ് മുന്നാക്ക സമുദായ വികസന കോർപറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സി.പി.എം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ട്രഷറര്‍ കെ.ജി. പ്രേംജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം. രാജഗോപാലന്‍ നായരെ സർക്കാർ നിയോഗിച്ചു.
മുന്നണിയില്‍ ചര്‍ച്ചയില്ലാതെ ചെയർമാൻ സ്ഥാനം മാറ്റിയതിനെതിരെയാണ് കേരള കോണ്‍ഗ്രസ്-ബിയുടെ പ്രതിഷേധം. 2017ലാണ് മുന്നാക്ക സമുദായ വികസന കോർപറേഷന്‍ ചെയർമാനായി കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയെ നിയോഗിച്ചത്. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്നാണ് കേരള കോൺഗ്രസ്-ബി പ്രതിനിധിയായി സംസ്ഥാന ട്രഷറര്‍ കെ.ജി. പ്രേംജിത്തിനെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.