റേഷൻ ക്ഷേമനിധിയുടെ പേരിൽ സർക്കാർ പിടിച്ചുപറി
text_fieldsതിരുവനന്തപുരം: ക്ഷേമനിധിയുടെ പേരിൽ റേഷൻ വ്യാപാരികളുടെ പോക്കറ്റിൽ കൈയിട്ടുവാരി സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അംശാദായം അടയ്ക്കാൻ കഴിയാത്തവരിൽനിന്നും ക്ഷേമനിധിയിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചവരിൽനിന്നും ആറുമാസത്തെ അംശാദായ തുക മുൻകൂറായി ഈടാക്കി. ഈ തുക നഷ്ടമാകാതിരിക്കാൻ ക്ഷേമനിധി അംഗത്വം തുടരണമെന്നും അതിനായി ക്ഷേമനിധിയിലേക്ക് നൽകേണ്ട തുകക്ക് പുറമെ, 12 ശതമാനം പലിശയും, പിഴപ്പലിശയും അടയ്ക്കാനും ക്ഷേമനിധി ബോർഡ് നിർദേശം നൽകി.
ഇതോടെ അംഗത്വം പുതുക്കാൻ 16,800 രൂപ അടയ്ക്കേണ്ടവർക്ക് പിഴപ്പലിശ ഉൾപ്പെടെ 45,000 രൂപ വരെ അടക്കേണ്ടി വരും. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി റേഷൻ സംഘടനകൾ രംഗത്തെത്തി. കൊള്ളപ്പലിശ അടച്ച് അംഗത്വം പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വ്യാപാരികൾ. മറ്റു ക്ഷേമനിധി ബോർഡുകളിൽ അംശാദായം പിരിക്കുന്നതിനൊപ്പം ഒരു വിഹിതം സർക്കാറും നൽകാറുണ്ട്. എന്നാൽ, 2000ത്തിൽ ആരംഭിച്ച റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലേക്ക് ഒരു രൂപപോലും സർക്കാർ നൽകിയിട്ടില്ല. പകരം പതിനാലായിരത്തോളം വരുന്ന വ്യാപാരികളിൽനിന്ന് പ്രതിമാസം 200 രൂപ അംശാദായമായി ഈടാക്കുന്നുണ്ട്. ക്ഷേമനിധി അംഗത്തിന് പെൻഷനായി 1500 രൂപയും മാരകരോഗം വന്നാൽ (ഒരുതവണ) പരമാവധി ലഭിക്കുന്ന തുക 25,000 രൂപയുമാണ്.
1564 വ്യാപാരികളാണ് നിലവിൽ പെൻഷൻ വാങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷനും ചികിത്സാസഹായങ്ങളും മാസങ്ങളായി മുടങ്ങി. ഇതോടെ ക്ഷേമനിധിയിലേക്ക് പണം അടയ്ക്കാതെ അംഗത്വം അവസാനിപ്പിക്കാൻ ഒരുവിഭാഗം റേഷൻവ്യാപാരികൾ തീരുമാനിച്ചു.
പല താലൂക്കുകളിലും ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികൾക്ക് കത്ത് നൽകി. എന്നാൽ, വ്യാപാരികളുടെ അനുമതിയില്ലാതെ ഇവരുടെ ജൂണിലെ കമീഷനിൽനിന്ന് ആറുമാസത്തെ അംശാദായ തുക സർക്കാർ ഈടാക്കുകയായിരുന്നു. ക്ഷേമനിധിയിലെ അംഗത്വം പുനഃസ്ഥാപിക്കാൻ വ്യാപാരികൾക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കിക്കൊടുക്കണമെന്ന സംഘടനകളുടെ ആവശ്യത്തോട് ഭക്ഷ്യവകുപ്പ് മുഖം തിരിഞ്ഞ് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.