സി.എ.ജി റിപ്പോർട്ട് ഗൗരവതരം, സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, നികുതി പിരിച്ചെടുക്കൽ, ബാർ ലൈസൻസ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാറിന്റെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും വെളിപ്പെടുത്തുന്ന സി.എ.ജി റിപ്പോർട്ട് ഗൗരവതരമാണെന്നും ഇടതുപക്ഷത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ സൂചകമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിരന്തരം ആവർത്തിക്കുകയും അതിന്റെ പേരിൽ പല ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പും മന്ദഗതിയിലാകുകയോ വളരെ കുറഞ്ഞ ഫണ്ട് മാത്രം അനുവദിക്കുകയോ ചെയ്യുമ്പോഴാണ് ഖജനാവിലേക്കെത്തേണ്ട വൻ തുകകൾ സർക്കാർ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്. മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതിയായ ക്ഷേമ പെൻഷൻ പലയിടത്തും ഇടനിലക്കാർ വഴിയാണ് വിതരണം ചെയ്യപ്പെട്ടത്. ഇതും ഗൗരവമായി കാണണം. ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന് ചെലവായതിന്റെ മൂന്നര മടങ്ങ് തുക സ്വകാര്യ കരാറുകാരന് കൈമാറിയത് ഗുരുതരമായ ക്രമക്കേടാണ്. ബാറുകൾക്ക് അനധികൃത ലൈസൻസ് അനുവദിക്കുന്നതിലൂടെ എക്സൈസ് വകുപ്പിൽ 10.32 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
വ്യത്യസ്ത വകുപ്പുകൾക്കു കീഴിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതികളുമാണ് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തുവന്നത്. നമ്പർ വൺ കേരളമെന്നത് കേവലം ഊതിവീർപ്പിക്കപ്പെട്ട പി.ആർ മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംയുക്ത നിയമസഭ കമ്മിറ്റിയെ നിയമിക്കണമെന്നും റസാഖ് പാലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.