പോപുലർ ഫ്രണ്ടിനെതിരായ നടപടി ഭരണകൂട പ്രതികാരം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പോപുലർ ഫ്രണ്ട് (പി.എഫ്.ഐ) ഓഫിസുകളിൽ ഇ.ഡി – എൻ.ഐ.എ നടത്തിയ റെയ്ഡും പി.എഫ്.ഐ- എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതും ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരോടുള്ള സംഘ്പരിവാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പ്രതിപക്ഷത്ത് നിലയുറപ്പിച്ചവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇതിലൂടെ മറു ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി.ചിദംബരം, ഡി.കെ ശിവകുമാർ, സഞ്ജയ് റാവത്ത്, അഅ്സം ഖാൻ, തോമസ് ഐസക് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കളെയും ട്വീസ്റ്റ സെതൽവാദ് അടക്കം നിരവധി ആക്ടിവിസ്റ്റുകളെയും ഇത്തരത്തിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അത്തരം വേട്ടകളുടെ ഭാഗമാണ് പോപ്പുലർ ഫ്രണ്ടിനെതിരെയും നടക്കുന്നത്.
ആർ.എസ്.എസിന് വിടുപണിയെടുക്കുന്ന ഏജൻസികളായി മാറിയ ഇ.ഡി യും എൻ.ഐ.എയും ഇസ്‍ലാമോഫാബിയ സൃഷ്ടിക്കാനും പരമാവധി ശ്രമിക്കുന്നു. ഭരണകൂട ഭീകരതയാൽ ജനാധിപത്യ പ്രവർത്തനങ്ങളുടെ ഇടം രാജ്യത്ത് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ നിശബ്ദത വെടിഞ്ഞ് അതിശക്തമായ പ്രക്ഷോഭം നടത്താൻ എല്ലാ രാഷ്ട്രീയ- ബഹുജന പ്രസ്ഥാനങ്ങളും മുന്നോട്ട് വരണം. ഭരണകൂടത്തിന്റെ അന്യായ വേട്ടയ്ക്കെതിരെ ജനാധിപത്യ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.