ലൈഫ് പദ്ധതിയിൽ കമീഷൻ: മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പങ്ക് വ്യക്തം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷ് ഒരു കോടി രൂപ കമീഷൻ വാങ്ങിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 20 കോടി പദ്ധതിയിൽ തനിക്ക് ഒരു കോടി രൂപ കമീഷൻ ലഭിച്ചുവെന്ന് സ്വപ്ന സുരേഷും തുക നൽകിയെന്ന് നിർമാണക്കമ്പനിയായ യുണിടെക് ഉടമയും സമ്മതിച്ചതോടെ സർക്കാർ തലത്തിൽ കൺസൾട്ടൻസികളുടെ മറവിൽ നടക്കുന്ന വൻ അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും യാഥാർഥ്യങ്ങളാണ് പുറത്തുവരുന്നത്.
കമീഷൻ ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻെറ ചാർട്ടേഡ് അക്കൗണ്ടറിൻെറയും സ്വപ്ന സുരേഷിൻെറയും സംയുക്ത ലോക്കറിൽനിന്നാണ് കണ്ടെത്തിയത് എന്നതിനാൽ ഇടപാടിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാകില്ല. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽനിന്ന് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ് ക്രസൻറുമായി നടത്തിയ കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടത് എന്ന വിവരം ലഭ്യമാകുന്നുണ്ട്.
പ്രളയാനന്തരമുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി യു.എ.ഇയിൽ നടത്തിയ സന്ദർശനത്തിൻെറ ഭാഗമായി റെഡ് ക്രസൻറ് അധികാരികളുമായി ചർച്ച നടത്തിയിരുന്നതായി മുഖ്യമന്ത്രി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരുന്നു.
സർക്കാർ ഏജൻസികളെ തള്ളിക്കൊണ്ടാണ് സ്വകാര്യകമ്പനിയായ യൂണിടെക്കിന് വഴിയൊരുക്കുന്നത്. 2019 ജൂലൈ 11ന് യു.എ.ഇ റെഡ് ക്രസൻറ് അതോറിറ്റി കേരളത്തിലെത്തി വടക്കാഞ്ചേരിയില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനസമുച്ചയ നിര്‍മാണത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ചയിലാണ് ധാരണാപത്രം ഒപ്പിട്ടത്.
എന്നാല്‍, കരാര്‍ ഒപ്പിടും മുമ്പ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നല്‍കുകയോ ചെയ്തില്ല. തദ്ദേശ സെക്രട്ടറിക്ക് രേഖകളും കരാറും ശിവശങ്കർ നേരിട്ട് നൽകിയതായും വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറെ വ്യക്തമായ തെളിവുകൾ ലഭിക്കുമ്പോഴും മുഖ്യമന്ത്രിക്കും ഓഫിസിനും ഒന്നിലും പങ്കില്ല എന്ന് ആവർത്തിച്ചത് കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാവുകയില്ലയെന്നും ഇതെല്ലാം സംബന്ധിച്ച് മുഖ്യമന്ത്രി മാറിനിന്ന് സമഗ്രാന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.