ജനകീയ ബദൽതേടി വെൽഫെയർ, എസ്.ഡി.പി.ഐ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും വിവിധ മണ്ഡലങ്ങളിൽ സജീവം. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവരെ സാന്നിധ്യമറിയിച്ച അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി ഇക്കുറി രംഗത്തില്ല. മഅ്ദനി പ്രഖ്യാപിക്കുന്ന പരസ്യ നിലപാടനുസരിച്ച് പ്രവർത്തകർ വോട്ട് രേഖപ്പെടുത്തുമെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.
'സാമൂഹിക നീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി 19 മണ്ഡലങ്ങളിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. കഴിഞ്ഞതവണ 41 ൽ മത്സരിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റസാഖ് പാലേരി കൊണ്ടോട്ടിയിലും ഇ.സി. ആയിശ മലപ്പുറത്തും സെക്രട്ടറി കൃഷ്ണൻ കുനിയിൽ വണ്ടൂരിലും ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻറ് ഷംസീർ ഇബ്രാഹിം തലശ്ശേരിയിലും ജനവിധി തേടുന്നു. ഇരു മുന്നണികളും പിന്നാക്ക വിഭാഗങ്ങുടെ സാമൂഹിക പുരോഗതിക്ക് ഒന്നും ചെയ്യുന്നില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളാണ് പ്രചാരണ വിഷയം.
നിലവിലെ സർക്കാരിെൻറ പ്രവർത്തനങ്ങളുടെ പോസ്റ്റ് മോർട്ടവും ലക്ഷ്യമാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ രാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ദൗത്യവും പാർട്ടി നിർവഹിക്കും -ഹമീദ് കൂട്ടിച്ചേർത്തു. അതേ സമയം, ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മുന്നണിക്കാണ് പാർട്ടി വോട്ട്. സ്ഥാനാർഥികളെ നിർത്താത്ത മണ്ഡലങ്ങളിൽ പിന്തുണ സംബന്ധിച്ച് പ്രവർത്തകർക്ക് നിർദേശം നൽകും.
കഴിഞ്ഞതവണ 89 ൽ സ്ഥാനാർഥികളെ നിർത്തിയ എസ്.ഡി.പി.ഐ ഇക്കുറി 42 സീറ്റുകളിലാണ് മത്സരിക്കുന്നത്. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ' എന്നാണ് മുദ്രവാക്യം. സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുൽ ജബ്ബാർ അഴീക്കോടും മുസ്തഫ കൊമ്മേരി കൊടുവള്ളിയിലും ട്രഷറർ അജ്മൽ ഇസ്മായിൽ വാമനപുരത്തും ജനവിധി തേടുന്നു. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനി മത്സരിക്കുന്നു. ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ രാഷ്്ട്രീയത്തെ വർഗീയ, ജാതി ചിന്തകൾ ഉയർത്തിയാണ് ഇരു മുന്നണികളും നേരിടുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വ്യക്തമാക്കി. താൽക്കാലിക രാഷ്ട്രീയ ലാഭത്തിലാണ് മുന്നണികളുടെ നോട്ടം. ഇത് തുറന്നുകാട്ടലാണ് ലക്ഷ്യം.
ബി.ജെ.പിക്ക് സാധ്യത കൽപിക്കുന്ന മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മുന്നണിയെ പിന്തുണക്കും- അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ രാഷ്ട്രീയം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടിെൻറ അടിസ്ഥാനത്തിലാണ് ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ നിർദേശപ്രകാരം മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കുന്നതെന്ന് പി.ഡി.പി ജന. സെക്രട്ടറി അലിയാർ കോതമംഗലം പറഞ്ഞു. പേക്ഷ, തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നിലപാടുണ്ട്. ആരെ പിന്തുണക്കുമെന്ന് ചെയർമാൻ പ്രഖ്യാപിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.