അതിരപ്പിള്ളി പദ്ധതി: ഇടതു സർക്കാർ നിലപാട് വാഗ്ദാന ലംഘനവും വഞ്ചനയും - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം : അതിരപ്പിള്ളി കേന്ദ്രാനുമതിക്കുള്ള നടപടികൾക്കായി സർക്കാർ കെഎസ്ഇബിക്ക് എൻഒസി നൽകിയത് വാഗ്ദാന ലംഘനവും വഞ്ചനയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പരിസ്ഥിതി പ്രവർത്തകരുടെയും വെൽഫെയർ പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെയും ഭരണ മുന്നണിയിൽ പെട്ട സിപിഐയുടെയും എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയിൽ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കാതിരുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അതുകൊണ്ട് പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോകുകയാണ്. 2017 ൽ അവസാനിച്ച കേന്ദ്ര അനുമതി വീണ്ടും ലഭിക്കാൻ കെ.എസ്.ഇ.ബിക്ക് കേരള സർക്കാരിൻറെ എൻ.ഒ.സി ആവശ്യമാണ്. അതാണിപ്പോൾ സർക്കാർ നൽകിയത്.
പദ്ധതി നടപ്പാക്കിയാൽ 200 ഹെക്ടർ വനം സമ്പൂർണ്ണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും. പ്രളയമടക്കം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന കേരളത്തിന് ഇനിയും വലിയ ആഘാതമായിരിക്കും പദ്ധതി നൽകുക. പദ്ധതിയിൽ നിന്ന് ഇടതു സർക്കാർ പിൻമാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൽ സംഘടിപ്പിച്ച് പദ്ധതിയെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.