സർക്കാർ സർവീസിലെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണം -വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ സമ്മേളനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സർവീസുകളിലെ വിവിധ മത - ജാതി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം തിരിച്ച ഔദ്യോഗിക കണക്ക് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ സമ്മേളനം ആവശ്യപ്പെട്ടു. പിന്നാക്ക ജനസമൂഹങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വ്യാഖ്യാനങ്ങളാണ് പലപ്പോഴും സവർണ ഉദ്യോഗസ്ഥ സമൂഹവും ഭരണകൂടവും പ്രചരിപ്പിക്കുന്നതെന്ന് ഗാന്ധിപാർക്കിൽ നടന്ന പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
സർക്കാർ സർവീസിൽ മുസ്‌ലിംകളും ഒ.ബി.സി വിഭാഗങ്ങളും അനർഹമായി സ്ഥാനം പിടിച്ചു പറ്റുന്നു എന്ന വ്യാജ ആരോപണം എപ്പോഴും സംഘ്പരിവാർ ഉയർത്താറുണ്ട്. മെറിറ്റ് വാദികളും ഇതേ വാദം ഉയർത്തുന്നുണ്ട്. എന്നാൽ സർവീസിലെ യാഥാർത്ഥ്യം ഇതല്ലെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിനാൽ ആധികാരികമായ വിവരങ്ങൾ ഇത് സംബന്ധിച്ച് പൊതു സമൂഹത്തിന് മുന്നിൽ വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സവർണ സമൂഹത്തിന്റെ താല്പര്യം മാത്രം മുൻനിർത്തി മെനഞ്ഞെടുത്ത സാമ്പത്തിക സംവരണം ഭരണഘടന താല്പര്യങ്ങൾക്കും സാമൂഹിക നീതിക്കും വിരുദ്ധമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
സംവരണം റദ്ദ് ചെയ്യുന്നതിനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം ഉയർന്നുവരണമെന്ന് മുൻമന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാർ പറഞ്ഞു. സംവരണമെന്ന ഭരണഘടന അവകാശത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മണ്ഡലാനന്തര സംവരണ പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ദലിത് - ആദിവാസി - മുസ്‌ലിം പിന്നാക്ക സമൂഹങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം രാജ്യത്ത് സംഘ്പരിവാർ ശക്തികൾക്കെതിരെ രൂപപ്പെട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
welfare partyമുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡന്‍റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, മെക്ക സംസ്ഥാന പ്രസിഡന്‍റ് ഡോ. നസീർ പി. നേമം, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്ക്, സാമൂഹിക പ്രവർത്തക വിനീത വിജയൻ, സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, എസ്ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കാഞ്ഞിരമറ്റം സിറാജ്, കെ.ഡി.പി സംസ്ഥാന പ്രസിഡന്‍റ് സന്തോഷ് എടക്കാട്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ, സജീദ് ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് എൻ.എം അൻസാരി സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.