കോവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും സാമൂഹ്യ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമസഭ ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും മാറ്റിവെക്കാൻ കേന്ദ്ര, സംസ്ഥാന ഇലക്ഷൻ കമീഷനുകൾ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നിയമസഭ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഖജനാവിൽ നിന്ന് വലിയൊരു തുക ചിലവഴിച്ച് ഒന്നോ രണ്ടോ നിയമസഭ സമ്മേളനങ്ങൾക്ക് വേണ്ടി മാത്രമായി സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുന്നത് ശരിയല്ല. കേവലം രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യത്തിന് പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടിയിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തുടനീളം വോട്ടർമാർ പങ്കെടുക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റേയും മറ്റു രാഷ്ട്രീയ പാർട്ടികളുടേയും ആവശ്യത്തെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകാമെന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത് കാപട്യമാണ്.
മന്ത്രിമാർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും നിരവധി ആരോഗ്യ പ്രവർത്തകരെ രോഗം ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. സാമൂഹിക നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കുമ്പോൾ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സുതാര്യമായി നടക്കുമെന്ന് കരുതാൻ കഴിയില്ല. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പോലും ധാരാളം പ്രദേശങ്ങൾ കണ്ടയ്ൺമെൻറ് സോണുകളാകാനും വലിയതോതിൽ വോട്ടർമാർ കോവിഡ് രോഗബാധിതരായും ക്വാറന്‍റീനിലും കഴിയുന്ന സാഹചര്യം നിലനിൽക്കും. പ്രചാരണത്തിലും ആളുകൾ ഒത്തുചേരുന്നതിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ജനജീവിതം സാധാരണ ഗതിയിലെത്തുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.