വെൽഫെയർ പാർട്ടി നേതാവിനെ വീട്ടിൽ കയറി ആക്രമിച്ചു; വൃദ്ധമാതാവിനെ ൈകയേറ്റം ചെയ്തു
text_fieldsഫറോക്ക്: വെൽഫെയർ പാർട്ടി നേതാവിനെ വീട്ടിൽ കയറി ആക്രമിക്കുകയും 75കാരിയായ മാതാവിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ചെറുവണ്ണൂർ മേലാത്ത് എം.എ. ഖയ്യൂം (43), മാതാവ് മറിയം (75) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖയ്യൂമിന് ചെവിക്കും മുഖത്തുമാണ് അടിയേറ്റത്. മകനെ ആക്രമിക്കുന്നതുകണ്ട് വാക്കറിെൻറ സഹായത്തോടെ നടന്നെത്തിയ മാതാവ് മറിയത്തിനെ തറയിലേക്ക് വലിച്ചിടുകയായിരുന്നു. അയൽവാസിയും സി.പി.എം പ്രാദേശിക നേതാവുമായ അയിലാസ് മൻസിലിൽ അബ്ദുവാണ് ആക്രമണം നടത്തിയതെന്ന് ഖയ്യൂം പറഞ്ഞു. തെൻറ മക്കളുടെയും ഭാര്യയുടെയും മുന്നിൽ വെച്ച് അസഭ്യവാക്കുകൾ പ്രയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ 46ാം ഡിവിഷൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഖയ്യൂം രണ്ടു വോട്ടിനാണ് പരാജയപ്പെട്ടത്. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് എം.എ. ഖയ്യൂം കോടതിയെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് ബൂത്ത് ഏജൻറ് മണ്ണറാട്ടിൽ ഹംസയെ ബൂത്തിൽവെച്ചും വെൽഫെയർ പാർട്ടി പ്രവർത്തകനായ ഷംസുദ്ദീൻ ആറ്റിയേടത്തിനെ ലിറ്റിൽ ഫ്ലവർ സ്കൂൾ പരിസരത്തുവെച്ചും മറ്റൊരു പ്രവർത്തകനായ ലത്തീഫിനെയും ചെറുവണ്ണൂരിലെ സി.പി.എം പ്രാദേശിക നേതാവായ അബ്ദു മർദിച്ചിരുന്നതായും അന്ന് വിജയപ്രതീക്ഷയുള്ളതിനാൽ എല്ലാവരും സംയമനം പാലിച്ചതാണെന്നും ഖയ്യൂം പറഞ്ഞു.
വലിയ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്ന 46ാം ഡിവിഷനിൽ സി.പി.എമ്മിെൻറ തലമുതിർന്ന നേതാവും മുൻ കോർപറേഷൻ വികസന സമിതി അധ്യക്ഷനും ഒട്ടേറെ തവണ ചെറുവണ്ണൂർ - നല്ലളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി.സി. രാജനാണ് കഷ്ടിച്ച് ജയിച്ചത്. യന്ത്രത്തിലെ വോട്ട് എണ്ണിത്തീർന്നപ്പോൾ 19 വോട്ടുകൾക്ക് ഖയ്യൂം മുന്നിലായിരുന്നു.
എന്നാൽ, കോവിഡ്, സർവിസ് വോട്ടുകൾ എണ്ണുേമ്പാൾ കൃത്രിമം നടത്തി രണ്ട് വോട്ടുകൾക്ക് പി.സി. രാജനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെന്നും ഇതിനെതിരെ കോടതിയെ സമീപിച്ചതും കള്ളവോട്ടു കേസിലെ പ്രതികളാവുമെന്നുള്ള ഭയവുമാണ് സി.പി.എം പ്രവത്തകൻ ആക്രമിക്കാൻ കാരണമായതെന്നും ഖയ്യൂം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, വെൽെഫയർ പാർട്ടി പ്രവർത്തകർ വൈകീട്ട് ചെറുവണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ രാത്രിയിൽ വെൽെഫയർ പാർട്ടിയുടെ കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്ത രണ്ട് പ്രവർത്തകരെയും സി.പി.എം പ്രവർത്തകർ മർദിച്ചു. പരിക്കേറ്റ ഷംസുദ്ദീൻ ആറ്റിയേടത്ത്, ബഷീർ പാലങ്ങൽ എന്നിവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.