മലപ്പുറത്തെ അപരവത്കരിച്ചു കൊണ്ടുള്ള സി.പി.എം രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കും -റസാഖ് പാലേരി
text_fieldsമലപ്പുറം : മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുക എന്ന സംഘപരിവാർ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി.പി.എം മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആരോപിച്ചു.
മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, മലപ്പുറത്തെ വർഗീയ ചാപ്പകുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ എതിര്‍ക്കുകയും ആരെല്ലാം ചാപ്പകുത്തിയാലും സാമൂഹ്യനീതിയുടെ പോരാട്ടത്തിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ പ്രതിരോധിക്കാൻ സമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടതിന്റേതാണ് തൃശ്ശൂരിൽ കണ്ട ഉദാഹരമെന്നും, സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന നിലയിൽ വെൽഫെയർ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു. കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ ആരംഭിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരികുജയായിരുന്നു റസാഖ് പാലേരി.
ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ചത്. ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, എന്നിവരോടൊപ്പം വിവിധ പോഷക സംഘടനകളുടെ ഭാരവാഹികളും പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡന്റ് വഹാബ് വെട്ടം സ്വാഗതവും ജില്ല ട്രഷറർ മുനീബ് കാരക്കുന്നു നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ റിപ്പോർട്ട് അവതരണവും ചർച്ചയും നടക്കും, സമൂഹിക പുരോഗതിയും രാഷ്ട്രീയ വീക്ഷണങ്ങളും പ്രാമാണിക ചർച്ചകൾക്ക് വേദിയായ ഈ സമ്മേളനം മാറും. പുതിയ ജില്ല ഭാരവാഹികളെ സമ്മേളനത്തിൽ തെരെഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.