നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട ലിസ്റ്റ് പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി; കൂടുതൽ സീറ്റുകൾ മലബാറിൽ
text_fieldsകേരള നിയമസഭയിലേക്ക് ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കും. ആദ്യഘട്ടത്തിൽ 16 മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച നടത്തി. പാർട്ടി ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ മുന്നിൽ വെച്ച്, കേരളത്തിൽ സംഘടനാ ശക്തിയുള്ള മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്നും സംഘ്പരിവാറിന് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർ വിജയിച്ചു വരാതിരിക്കാനുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്നും സ്ഥാനാർഥി പ്രഖ്യാപന വേളയിൽ ജനറൽ സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,പാലക്കാട്, ത്യശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
കാസർകോട് -തൃക്കരിപ്പൂർ -ടി. മഹേഷ് മാസ്റ്റർ
കണ്ണൂർ -തലശ്ശേരി -ഷംസീർ ഇബ്രാഹീം
കോഴിക്കോട് -ബാലുശ്ശേരി -എൻ.കെ ചന്ദ്രിക
കോഴിക്കോട് -എലത്തൂർ-താഹിർ പറമ്പത്ത്
മലപ്പുറം-വണ്ടൂർ-കൃഷ്ണൻ കുനിയിൽ
മലപ്പുറം-മലപ്പുറം - ഇ.സി ആയിഷ
മലപ്പുറം-വേങ്ങര -കുഞ്ഞാമുക്കുട്ടി മാസ്റ്റർ
മലപ്പുറം-പൊന്നാനി-ഗണേഷ് വടേരി
പാലക്കാട്-തരുർ-കെ. രജിത
പാലക്കാട്-പട്ടാമ്പി-എസ്. മുജീബ് റഹ്മാൻ
ത്യശൂർ-കൈപ്പമംഗലം-എം.കെ അസ്ലം
എറണാകുളം-ആലുവ-കെ.എം ഷെഫിൻ
എറണാകുളം-പെരുമ്പാവൂർ-അർഷദ് പെരിങ്ങാല
ആലപ്പുഴ-അമ്പലപ്പുഴ-സുഭദ്രാമ്മ തോട്ടപ്പള്ളി
കൊല്ലം-ചടയമംഗലം-അർച്ചന പ്രിജിത്ത്
തിരുവനന്തപുരം-ചിറയിൻകീഴ്-അഡ്വ.അനിൽകുമാർ
രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിത്. കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണം ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി രാജ്യത്തെ സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാജ്യം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലും വംശീയ വിദ്വേഷം പരത്തി അധികാരത്തിലേറാനുള്ള നീക്കങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തുന്നത്. എങ്കിലും കേരളത്തിൽ എൽ.ഡി.എഫ്–യു.ഡി.എഫ് മുന്നണികളാണ് നേരിട്ട് മത്സരിക്കുന്നത്. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ഇന്നും സാമൂഹ്യ നീതി നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടാക്കാനായിട്ടില്ല.
കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ അതിഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുന്നതായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും സംഘ്പരിവാറിന് സഹായകരമാകുന്ന തരത്തിൽ പക്ഷപാതപരമായ പോലീസ് സംവിധാനവും നിരവധി ലോക്കപ്പ് കൊലപാതകങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത്. റിയാസ് മൗലവിയുടെ ഘാതകരെയും കൊടിഞ്ഞി ഫൈസലിന്റെ ഘാതകരെയും രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയും സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ നിഷ്ക്രിയമായി പെരുമാറുകയുമാണ് പോലീസ് ചെയ്യുന്നത്. ഇടതു സഹയാത്രികനായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.കേരളത്തിലെ ഭൂ പ്രശ്നങ്ങളെ പരിഹിരിച്ചില്ല എന്നു മാത്രമല്ല ഹാരിസണടക്കമുള്ള കോർപ്പറേറ്റുകൾ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതതിന് പകരം ഭൂമാഫിയകൾക്ക് അനുകൂലമാകുന്ന തരത്തിൽ കേസുകൾ തോറ്റുകൊടുക്കുകയുമാണ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിരവധി ദുരൂഹ ഇടപാടുകളാണ് നടന്നു വരുന്നത്. മന്ത്രിസഭയോ ജനാധിപത്യ സംവിധാനങ്ങളോ അറിയാതെ നിരവധി പദ്ധതികളാണ് കണസൽട്ടൻസികൾ വഴി വരുന്നത്. സ്പ്രിഗ്ളർ ഇടപാട്, ഇ-മൊബിലിറ്റി, അടക്കമുള്ള നിരവധി ഇടപാടുകൾ അത്തരത്തിലുള്ളവയാണ്. മുഖ്യമന്ത്രിയും ഉപദേശകരും ചേർന്ന ഒരു ഡീപ് സ്റ്റേറ്റാണ് രൂപപ്പെട്ടിരിക്കുന്നത്.
സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യതപോലും തകർക്കും വിധത്തിൽ റാങ്ക് ലിസ്റ്റിൽ ഭരണകക്ഷിയുടെ ഗുണ്ടകൾക്ക് കയറിപ്പറ്റാനുന്ന സ്ഥിതിയാണുള്ളത്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും ഉന്നത തസ്തികകളിൽ നിയമനം ലഭിക്കുന്നു. കരാർ നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകിക്കയറ്റുന്നു.
നവോത്ഥാനമൂല്യങ്ങളെ പരിഹസിക്കും വിധം സംഘ്പരിവാർ വക്താക്കളെ നവോത്ഥാന മൂല്യസമിതിയുടെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നു. സംഘ്പരിവാറിനും സി.പി.എമ്മിനുമിടയിൽ പാലമായി വർത്തിക്കുന്ന ആത്മീയ വ്യാപാരികൾക്ക് തലസ്ഥാന നഗരിയിൽ ഭൂമി ദാനം ചെയ്യുന്നു. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കുകയും പാലത്തായിയിലെ സ്ത്രീപീഢകനായ സംഘ്പരിവാർ നേതാവിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തതും ഇക്കാലത്താണ്. ദലിതർ, ആദിവാസികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹ്യ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാൻ കേരളത്തിലെ പ്രതിപക്ഷത്തിനായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളോട് ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട സംവരണം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് സമാന നിലപാടാണുള്ളതെന്നും വാർത്താസമ്മേളനത്തിൽ പാർട്ടി സെക്രട്ടറി കെ.എ.ഷഫീക്ക് പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, റസാഖ് പാലേരി സെക്രട്ടറി സജീദ് ഖാലിദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.