ഗസ്സയിലെ ആശുപത്രിക്കു നേരേ വ്യോമാക്രമണം നടത്തിയ ഇസ്രയേലിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: ഗസ്സയിലെ ആശുപത്രിക്കു നേരേ നടത്തിയ വ്യോമാക്രമണം 2008ന് ശേഷം ഇസ്രായേൽ നടത്തിയ ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണെന്നും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ച് ആ രാഷ്ട്രത്തെ ഒറ്റപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ തയാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കഴിഞ്ഞ ദിവസം അൽ അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവരെ പിന്തുടർന്ന് വന്നു കത്തിച്ചു കളയുന്ന കേട്ടുകേൾവിയില്ലാത്ത യുദ്ധഭീകരതയാണ് ബിന്യമിൻ നെതന്യാഹുവും ഇസ്രായേൽ എന്ന ഭീകര രാഷ്ട്രവും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച ലോകരാഷ്ട്രങ്ങൾ ഈ ക്രൂരതക്കു നേരേ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഭരണാധികാരികൾക്കും രക്തമുറയുന്ന ഈ ക്രൂരതയിൽ നിന്ന് കൈകഴുകാനാവില്ല. മനഃസാക്ഷിയും മാനുഷികതയും നീതിബോധവുമുള്ള ലോകത്തെ മുഴുവൻ മനുഷ്യരും ഫലസ്തീനിനും ഗസ്സക്കും ഹമാസിനും ഒപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മർദകരും കൊലയാളികളും അധിക കാലം വാഴില്ലെന്നത് ചരിത്രസത്യമാണ്. ഇസ്രയേലിന്റെ തുല്യതയില്ലാത്ത ക്രൂരതക്കും അധിനിവേശത്തിനുമെതിരെ ചെറുത്തു നിൽക്കുന്ന ഫലസ്തീൻ പോരാളികളെയും പോരാട്ടത്തിൽ രക്തസാക്ഷ്യം വഹിച്ചവരെയും അദ്ദേഹം പ്രസ്താവനയിൽ അഭിവാദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.