പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി നടത്തിവരുന്ന കേരള പര്യടനം 'ഒന്നിപ്പി'ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിപ്പ് പര്യടനം സാമൂഹ്യനീതി, സൗഹാർദം തുടങ്ങിയ ആശയങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളാക്കി അവതരിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. വിവിധ ജില്ലകളിലെ സാമൂഹിക - സാഹിത്യ - സാംസ്കാരിക - മത - സമുദായ - വ്യാപാര മേഖലകളിലെ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും മാധ്യമ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. വിവിധ സമുദായ സംഘടനകളുടെ ആസ്ഥാനങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, സംഘടന നേതാക്കൾ, നവോത്ഥാന നായകരുടെ സ്മാരകങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. ജനകീയ സമര ഭൂമികളിലും പിന്നാക്ക പ്രദേശങ്ങളിലും കോളനികളിലും ആദിവാസി ഊരുകളിലും പര്യടനം സന്ദർശനം നടത്തി. കാലുഷ്യവും സമുദായങ്ങൾ തമ്മിലുള്ള വിടവും ശക്തമാകുന്ന സാഹചര്യത്തിൽ ഇത്തരം സന്ദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നതായി റസാഖ് പാലേരി പറഞ്ഞു.
സംഘ് പരിവാർ ഫാഷിസത്തിന്റെ ഉന്നങ്ങളിൽനിന്ന് കേരളം മുക്തമല്ല. പല തരം അസത്യ പ്രചരണങ്ങളിലൂടെ പുകമറകൾ സൃഷ്ടിച്ച് സമൂഹത്തിൽ ധ്രുവീകരണം ശക്തമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിൽ ഇടമില്ലാത്തത് കൊണ്ട് തന്നെ കേരളത്തെ അരക്ഷിത പ്രദേശമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവർ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്ന സാമുദായിക -സാമൂഹിക ഛിദ്രതകൾ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്.
ഭൂപരിഷകരണം നടന്നു എന്ന അവകാശ വാദത്തിനപ്പുറം കേരളത്തിലെ ഭൂരാഹിത്യ പ്രശ്‌നം പരിഹരിക്കാൻ കേരളം ഭരിച്ച സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഭൂസമര പ്രദേശങ്ങൾ പര്യടന സംഘം സന്ദർശിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട്. മറുഭാഗത്ത് ലക്ഷക്കണക്കിന് ഏക്കർ ഭൂമി കുത്തക കമ്പനികൾ കൈയേറിയും അനധികൃതമായും കൈവശം വെച്ചിരിക്കുകയാണ്. അത് പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം. പട്ടയ സമരങ്ങളോട് അനുകൂലമായ സമീപനം സ്വീകരിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാൻ, ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ല കമ്മിറ്റിയംഗം എൻ.എം. അൻസാരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.