പിന്നോക്കാവസ്ഥ പരിഹരിക്കാൻ മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിക്കണം –വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മുസ്ലിം പിന്നാക്കാവസ്ഥയെ പരിഹരിക്കാനുള്ള ക്ഷേമ പദ്ധതികൾ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും സംശയങ്ങളും ദുരീകരിക്കാൻ മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിച്ച് അത്തരം പദ്ധതികൾ ആ വകുപ്പിന് കീഴിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മുസ്ലിം സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പാലോളി കമ്മിറ്റിയുടെ ശിപാർശകൾ പ്രകാരമുള്ള സ്കോളർഷിപ്പുകളിലെ 80:20 അനുപാതം സംബന്ധിച്ചും ഉയർന്ന കോടതി വിധിയുടെ പശ്ചാത്തലം ആ പദ്ധതികൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലായതിനാലാണ്. മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിക്കുകയും അതിന് കീഴിൽ മുസ്ലിം ക്ഷേമ കോർപ്പറേഷൻ രൂപീകരിച്ച് മുസ്ലിങ്ങൾക്കായുള്ള പ്രത്യേക ക്ഷേമ പദ്ധതികൾ അതിന് കീഴിലേക്ക് കൊണ്ടുവന്നാൽ സംഘ്പരിവാറും തത്പരകക്ഷികളും പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങളെ തടയിടാനാകുകയും അത് സംബന്ധിച്ച സാങ്കേതിക കുരുക്കുകൾ അഴിക്കാനും പറ്റും.
നിലവിലെ പദ്ധതികൾ പുതിയ വകുപ്പ് രൂപീകരിച്ച് അതിലേക്ക് മാറ്റുമ്പോൾ നിലവിൽ ലത്തീൻ ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും സംഭവിക്കുന്ന നഷ്ടം ഒഴിവാക്കാൻ പ്രത്യേക പദ്ധതികൾ ആ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കണം. പരിവർത്തിത ക്രൈസ്തവ കോർപറേഷനുള്ള ഫണ്ട് വിഹിതം വർധിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ സർക്കാർ പ്രത്യേകമായി പഠിക്കുകയും വേണം. 80:20 അനുപാതം സംബന്ധിച്ച കോടതി വിധിയിൽ പിണറായി സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണ്. സർക്കാർ ഇതിൻമേൽ നിലപാട് വ്യക്തമാക്കണം. ന്യൂനപക്ഷം എന്ന സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി മുസ്ലിം ക്ഷേമ പദ്ധതികളെ ദുർവ്യാഖ്യാനം ചെയ്ത് മതധ്രൂവീകരണത്തിന് ശ്രമിക്കുന്നവർക്ക് സർക്കാരിന്റെ മൗനം വളമാകുകയാണെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.