അന്യായമായി അറസ്റ്റിലായ രാഷ്ട്രീയ തടവുകാർക്ക് ജാമ്യം ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം
text_fieldsതിരുവനന്തപുരം: ഫാസിസ്റ്റ് സർക്കാറിനെതിരെ ശബ്ദിച്ചതിൻെറ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ രാഷ്ട്രീയ തടവുകാർക്കും അടിയന്തര ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. "ജാമ്യമാണ് നീതി" എന്ന തലക്കെട്ടിൽ നടന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. ഹിന്ദുത്വ ഭരണകൂടം കെട്ടിച്ചമച്ച കേസുകളുടെ പിൻബലത്തിലാണ് ഭരണകൂടം അന്യായമായ അറസ്റ്റുകൾ നടത്തിയത്.
കോവിഡ് കാലത്ത് അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് ആവശ്യമായ ചികിത്സയോ പരിഗണനയോ നൽകാൻ സർക്കാർ തയാറാകുന്നില്ല. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും ഡൽഹി സർവകലാശാല പ്രൊഫസർ ഹാനി ബാബുവിനും ജെസ്യൂറ്റ് പാതിരി സ്റ്റാൻ സ്വാമിക്കും വിദഗ്ധ ചികിത്സ നൽകാൻ കോടതി ഇടപെടേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം. ജയിലിലെ രാഷ്ട്രീയ തടവുകാർക്കെതിരെ ഭീകരമായ മനുഷ്യാവകാശലംഘനമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. ഇതിനെതിരെ പ്രക്ഷോഭം ഉയർന്നു വരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
തടവുകാർക്ക് അടിയന്തരമായി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തിൽപരം വീടുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.