രാജമല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ അപകടത്തിൽ പുനരധിവാസ നടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം അടിയന്തര ദുരിതാശ്വാസ സഹായം നൽകാൻ സർക്കാരുകൾ തയ്യാറാകണം. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ പൂർണമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാറും രണ്ട് ലക്ഷം രൂപ വീതം കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചിട്ടുള്ള സഹായം അപര്യാപ്തമാണ്. പതിറ്റാണ്ടുകളായി തേയിലത്തോട്ടങ്ങളിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരുടെ ജീവിതാവസ്ഥയെ പരിഗണിക്കാതെയുള്ള പ്രഖ്യാപനമാണ് ഭരണകൂടം നടത്തിയത്. ഈ പ്രഖ്യാപനം അപകടത്തിൽപ്പെട്ട ആളുകളോട് ഒരു നിലയിലും നീതിപുലർത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന് അവകാശപ്പെട്ടതും എന്നാൽ കോർപ്പറേറ്റ് കുത്തകകൾ കൈയടക്കി വച്ചിട്ടുള്ളതുമായ ഭൂമിയിലെ ലയങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഇത്തരക്കാരുടെ പ്രശ്നങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്‍റെ നേർചിത്രം കൂടിയാണ് നിലവിലെ പ്രഖ്യാപനത്തിൽ കാണാൻ കഴിയുന്നത്. ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2010 ല്‍ നിയമിക്കപ്പെട്ട ബിജു പ്രഭാകരന്‍ കമ്മിറ്റി സർക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു. ഈ അനധികൃത കൈയേറ്റ ഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരുകളുടെ കോർപ്പറേറ്റ് ദാസ്യ വികസനത്തിന്‍റെയും പാരിസ്ഥിതിക ധ്വംസനങ്ങൾക്ക് വഴിയൊരുക്കുന്ന നിയമ ഭേദഗതികളുമാണ് വലിയ ദുരന്തങ്ങൾക്കിടയാക്കുന്നത്. ദുരന്തത്തിന്‍റെ ഇരകളായ തൊഴിലാളികളുടെ പുനരധിവാസം സർക്കാരിന്‍റെ ബാധ്യതയാണ്. രാജമലയിലെ അപകടസ്ഥലം മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ല എന്നുള്ളതും പ്രതിഷേധാർഹമാണ്. പെട്ടിമുട്ടിയിലെ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സമയബന്ധിതമായി ഭൂമി, വീട്, ജോലി എന്നിവ നൽകാനുള്ള പ്രത്യേക പാക്കേജ് സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.