കോവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് നീട്ടിവെക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോവിഡ് വ്യാപനത്തിൽ വൻവർധനവ് ഉണ്ടാകുമെന്ന വിലയിരുത്തലിെൻറ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പിെൻറ നിരീക്ഷണപ്രകാരം സെപ്റ്റംബറിൽ കോവിഡ് വ്യാപനം 10,000 മുതൽ 20,000 വരെ എത്താൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്.
ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തിൽ ഇത് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കേരളത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണത്തിെൻറ പശ്ചാത്തലത്തിൽ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നത് അസാധ്യമാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ വൻ വർധനവാണ് ദിനേനെ വരുന്നത്. ഓരോ ദിവസവും കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. പ്രചാരണ വേളയിലും തെരഞ്ഞെടുപ്പ് ദിവസവും കേരളത്തിലെ ധാരാളം വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണുകളാകാൻ സാധ്യതയുണ്ട്.
വലിയ സാമൂഹിക ഇടപെടൽ ആവശ്യമായ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ക്വാറൈൻറനിലായവർക്കും കോവിഡ് പോസിറ്റീവായവർക്കും സ്ഥാനാർഥികളാവാൻ കഴിയാതെ വരും. നിരീക്ഷണത്തിലുള്ളവരെ നേരിൽ കണ്ട് അഭ്യർത്ഥിക്കാൻ കഴിയില്ല. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സമരങ്ങൾ സംഘടിപ്പിക്കുന്നതിന് നിലവിൽ കോടതി വിലക്ക് ശക്തമാണ്.
രോഗവ്യാപനം ഭയന്ന് ധാരാളം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാതെ വരുകയും പോളിംഗ് ശതമാനത്തിൽ വൻ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്. പ്രോക്സി വോട്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനും അധികാരമുള്ളവർക്ക് സ്വാധീനിക്കാൻ കഴിയുന്നതുമായി മാറുമെന്ന വിമർശനം ശക്തമാണ്.
മാസ്ക് ധരിച്ച് വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനാൽ വ്യക്തികളെ തിരിച്ചറിയാൻ പോളിംഗ് ബൂത്ത് ഏജൻറിനും ഉദ്യോഗസ്ഥർക്കും പ്രയാസകരമായിരിക്കും. ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രകിയ സ്വതന്ത്രമായും സുതാര്യമായും നടത്തുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.