സുരേഷ് ഗോപി നടത്തിയത് സത്യപ്രതിജ്ഞാലംഘനം; അയോഗ്യനാക്കണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ബി.ജെ.പി ജില്ല പ്രസിഡൻറുമാരുടെ കവറിംഗ് ലെറ്റർ നിർബന്ധമാണെന്നും അങ്ങനെയല്ലാതെ വരുന്ന അപേക്ഷകൾ പരിഗണിക്കുകയില്ലെന്നുമുള്ള രാജ്യസഭാ അംഗം സുരേഷ് ഗോപിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും ജനപ്രാതിനിധ്യത്തെ അയോഗ്യമാക്കുന്ന നിലപാടുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. സുരേഷ് ഗോപിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതിക്ക് പരാതി നൽകും. ജനാധിപത്യ രാജ്യത്ത് വിവിധ ഭരണ കേന്ദ്രങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ എല്ലാ ജനങ്ങളോടും തുല്യമായി പെരുമാറുമെന്നും പക്ഷപാത രഹിതമായി ഉത്തരവാദിത്വം നിർവ്വഹിക്കുമെന്നും പ്രതിജ്ഞ എടുത്താണ് ചുമതലയേൽക്കുന്നത്. ഈ പ്രതിജ്ഞക്ക് വിരുദ്ധമായി ബി.ജെ.പി ശിപാർശ ചെയ്യുന്നവർക്ക് മാത്രമേ ജനപ്രതിനിധിയായ തെൻറ സഹായം ലഭിക്കുകയുള്ളൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇത് പ്രതിജ്ഞാ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. സംഘടനാ സങ്കുചിത്വത്തിെൻറ തിമിരം ബാധിച്ചവർ ജനപ്രതിനിധികളായിരിക്കാൻ അർഹരല്ല.
തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രചരണ പരിപാടിയിലാണ് പാർട്ടിക്ക് വിധേയമായി സമീപിക്കാത്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയത്. ഇത് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്. ഇതിെൻറ പേരിൽ എം പിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം. കമീഷനും വെൽഫെയർ പാർട്ടി പരാതി നൽകും. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തള്ളിക്കളയുന്ന ബി.ജെ.പിയുടെ സമഗ്രാധിപത്യ നിലപാടാണ് സുരേഷ് ഗോപി പ്രതിനിധീകരിക്കുന്നത്. ഇത്തരം ജനപ്രതിനിധികൾ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.