വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് ധർണ നാളെ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും, അനുവദിച്ച തുക നൽകാതെയും, ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കാതെയും പ്രാദേശിക വികസന പ്രവർത്തനങ്ങളെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാറിന്‍റെ ജനദ്രോഹ നയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ഫെബ്രുവരി 22ന് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് അറിയിച്ചു.
സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിയുള്ളപ്പോഴും സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട മൂന്നാം ഗഡു തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടില്ല. അനുവദിച്ച രണ്ടാം ഗഡുവിൽ പല തദ്ദേശ സ്ഥാപനങ്ങളുടെയും ബില്ലുകൾ ട്രഷറിയിൽ ക്യൂവിലാണ്. ബജറ്റ് കാലാവധി അവസാനിക്കാറാകുമ്പോഴും വാർഷിക പദ്ധതിയുടെ മൂന്നിലൊന്ന് മാത്രമേ ചിലവഴിച്ചിട്ടുള്ളു. വൻതോതിൽ നികുതിയും പെർമിറ്റ് ഫീയും വർധിപ്പിച്ച് പൊതുജങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും, ഇന്ധന സെസ്സ് വാങ്ങുകയും ചെയ്‌തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ നിലവിൽ ആറുമാസം കുടിശ്ശികയാണ്. വിവിധ വകുപ്പുകളുടെ ചിലവുകൾ തദ്ദേശ സ്ഥാപനങ്ങളുടെ മേൽ ചുമത്തുകയും നവകേരള സദസ്സടക്കമുള്ള പരിപാടികൾക്ക് തദ്ദേശ സ്ഥാപങ്ങളിൽ നിന്ന് ഫണ്ട് വാങ്ങുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നിലപാട് തദ്ദേശ സ്ഥാപനങ്ങളെ ഗുരുതരമായി തകർക്കുന്നതാണ്.
ഇത്തരം തെറ്റായ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാർട്ടി ജനപ്രതിനിധികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ല നേതാക്കൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.