വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം ഡിസംബർ 27 മുതൽ മലപ്പുറത്ത്
text_fieldsമലപ്പുറം: സാമൂഹിക നീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
11 വർഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ നിർണായക ഇടം നേടാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. അധികാരി വർഗവും സവർണാധിപത്യ സമൂഹവും അനർഹമായി കൈയടക്കി വെച്ചിരിക്കുന്ന ഭൂമി അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനുള്ള പോരാട്ട ഭൂമിയിൽ മുൻനിരയിലാണ് പാർട്ടിയുള്ളത്. ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരുടെ ജനകീയ പോരാട്ടത്തിന് സമ്മേളന കാലയളവിൽ പാർട്ടി മുൻകൈയെടുക്കും. ജില്ല സമ്മേളനങ്ങൾ നവംബർ 27നും ഡിസംബർ നാലിനുമിടയിൽ നടക്കും. സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഡിസംബർ 27ന് രാവിലെ 10 മുതൽ 29ന് ഉച്ചവരെ പ്രതിനിധി സമ്മേളനം നടക്കും. 29ന് വൈകീട്ട് മൂന്നുമുതൽ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിലും സെമിനാറുകളിലും സാമൂഹികനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സമ്മേളന ജനറൽ കൺവീനർ കൂടിയായ റസാഖ് പാലേരി പറഞ്ഞു.
സ്വാഗതസംഘം ഓഫിസ് ബുധനാഴ്ച വൈകീട്ട് 4.30ന് മലപ്പുറം വലിയങ്ങാടിയിൽ വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ത്വാഹിർ ഹുസൈൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.സി. ആയിശ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ജില്ല ട്രഷറർ മുനീബ് കാരക്കുന്ന്, ആദിൽ അബ്ദുൽ റഹീം, ആരിഫ് ചുണ്ടയിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.