ചെറിയ തീപ്പൊരിയിൽ കേരളം കത്തിച്ചാമ്പലാകുന്ന അവസ്ഥ; സംഘടിത സാമൂഹ്യജീവിതം കൊണ്ട് മറികടക്കണം -കെ.എ. ഷഫീക്ക്
text_fieldsആറാട്ടുപുഴ: അപകടകരമാംവിധം വെറുപ്പും വിദ്വേഷവും ആളുകൾ മനസ്സിൽ കൊണ്ടു നടക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീക്ക്. ചെറിയൊരു തീപ്പൊരി ഉണ്ടായാൽ കേരളം കത്തിച്ചാമ്പലാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ആളുകൾ പരസ്പരം അറിയാൻ ഉതകുന്ന സംഘടിത സാമൂഹ്യജീവിതം കൊണ്ട് മാത്രമേ ഇത് മറികടക്കാനാകൂ -അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗമം പലിശരഹിത അയൽ കൂട്ടായ്മയുടെ ദശവാർഷികാഘോഷത്തിന്റെ ഭാഗമായി ഹരിപ്പാട് ഒരുമ വെൽഫെയർ സൊസൈറ്റിയുടെ പ്രാദേശിക തല ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.എ. ഷഫീക്ക്. വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമം പല ഭാഗങ്ങളിൽനിന്ന് നടക്കുന്നുണ്ടെന്ന് കളമശ്ശേരി സംഭവം ബോധ്യപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഒരുമ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് താഹ പാനൂർ അധ്യക്ഷത വഹിച്ചു. ഇൻഫാക് എക്സിക്യൂട്ടീവ് അംഗം സി.പി. ഷമീർ മുഖ്യ പ്രഭാഷണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് വ്യവസായ ഓഫിസർ ഗീതാഞ്ജലി, അസിസ്റ്റൻറ് കൃഷി ഓഫിസർ മായശ്രീ എന്നിവർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
ജമാഅത്തെ ഇസ്‍ലാമി ജില്ല വൈസ് പ്രസിഡൻറ് എസ്. മുജീബ് ഹ്മാൻ കായംകുളം, ഹരിപ്പാട് ഏരിയ പ്രസിഡൻറ് യു. അബ്ദുറസാഖ് പാനൂർ, വനിതാ വിഭാഗം കോഡിനേറ്റർ സോഫിയ സമീർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ ആറാട്ടുപുഴ, ജമാഅത്തെ ഇസ്‍ലാമി ഹരിപ്പാട് ഏരിയ ജനസേവന വിഭാഗം കോഡിനേറ്റർ സൈനുൽ ആബ്ദീൻ, ഒരുമ വെൽഫെയർ സൊസൈറ്റി സെക്രട്ടറി അൻസാരി ഹരിപ്പാട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.