Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനാധിപത്യ - മതനിരപേക്ഷ...

ജനാധിപത്യ - മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുന്ന തെരഞ്ഞെടുപ്പ് ഫലം -റസാഖ് പാലേരി

text_fields
bookmark_border
welfare party
cancel

400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘപരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘപരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ബി.ജെ.പി ഭരണത്തിൻ്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരന്നാൽ ഹിന്ദുത്വ വംശീയതയെയും ഭരണകൂട ഭീകരതയെയും സംഘ്പരിവാർ ഫാഷിസത്തെയും ചെറുത്തു തോൽപ്പിക്കാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളെ തുറുങ്കിൽ അടച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും മാധ്യമങ്ങളെ വിലയ്ക്കെടുത്തും പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചും വോട്ടർമാരെ ഭയപ്പെടുത്താൻ ശ്രമിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞ 10 വർഷം മോദി സർക്കാർ ശ്രമിച്ചത്. മറയില്ലാത്ത വിദ്വേഷപ്രസംഗങ്ങൾ നടത്തിയും വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്കാരങ്ങളും ദുരുപയോഗിച്ചും കോടികൾ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം 2019നെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞു.സ്മൃതി ഇറാനിയെ പോലുള്ള നേതാക്കൾ പരാജയപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തിന് താരതമ്യേന സ്വാധീനമുള്ള യു.പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സീറ്റ് നില താഴേക്ക് പോയി. മണിപ്പൂരിൽ രണ്ട് സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടു. പഞ്ചാബിലും തമിഴ്നാട്ടിലും ഒരു സീറ്റിലും ബി.ജെ.പി വിജയിച്ചില്ല. കർഷക സമരക്കാരെ വണ്ടി കയറ്റിക്കൊന്ന ലഖിംപൂർഖേരിയിൽ ബി.ജെ.പി പരാജയപ്പെട്ടു. ബാബരി മസ്ജിദ് തകർത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും വോട്ടർമാർ ബി.ജെ.പിയെ കൈയൊഴിഞ്ഞു. ബി.ജെ.പി രാഷ്ട്രീയമായി വേട്ടയാടി പാർലമെന്റിൽ നിന്ന് പുറത്താക്കിയ രാഹുൽ ഗാന്ധി, മഹുവ മൊയ്ത്ര, പാർലമെന്റിൽ ബി.ജെ.പിയുടെ അധിക്ഷേപങ്ങൾക്കിരയായ ദാനിഷ് അലി തുടങ്ങിയവരെല്ലാം വിജയിച്ചു.

ഭരണകൂട വേട്ടക്കിരയായി ജയിലിൽ നിന്ന് മത്സരിച്ചവരും പലയിടങ്ങളിൽ വിജയിച്ചിരിക്കുന്നു. ചന്ദ്രശേഖർ ആസാദ് ഒറ്റക്ക് നേടിയ ജയം സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ വിജയമാണ്. സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവൻ വോട്ടർമാരെയും പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഇൻഡ്യാ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു.

ചെറുതും വലുതുമായ എല്ലാ ബി.ജെ.പിയിതര രാഷ്ട്രീയ പാർട്ടികളെയും ചേർത്തു പിടിച്ചു കൊണ്ട് കേന്ദ്രത്തിൽ ഒരു സംഘ്പരിവാർ ഇതര സർക്കാർ രൂപീകരിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ തയ്യാറാകണം.മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. കേന്ദ്രത്തിൽ ഒരു ജനാധിപത്യ മത നിരപേക്ഷ സർക്കാർ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണന.

തീർത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ട് പോയ സർക്കാറിനേറ്റ കനത്ത പ്രഹരം കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിൽ അടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്കരിച്ചിരിക്കുകയാണ്. സംഘ് പരിവാർ വിരുദ്ധ തെരഞ്ഞടുപ്പ്പൂർവ്വ വിശാല രാഷ്ടീയ സഖ്യം എന്ന വെൽഫെയർ പാർട്ടി നിലപാടിനുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ രണ്ട് കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ ബി.ജെ.പി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യത്തെയും വോട്ട് ചോർച്ചയെയും മുതലെടുത്താണ് ബി.ജെ.പി ജയിച്ചത് ഇതിൻ്റെ കാരണങ്ങൾ മുന്നണികൾ സൂക്ഷ്മമായി പരിശോധിക്കണം. ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തും വിധം തന്ത്രപരമായി തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളിൽ നിന്നുണ്ടായില്ല.

കേരളീയ സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുവാനും അതിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുവാനും സംഘ്പരിവാറിന് സാധിച്ചിരിക്കുന്നു ഈ അപകടം നാട് തിരിച്ചറിയണം . ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പൊതു സമൂഹവും മത സമുദായ സംഘടനകളും സാംസ്കാരിക ലോകവും ആത്മാവിമർശനപരമായി സമീപിക്കണം. താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വളർത്തിയെടുത്ത വിഭാഗീയ ചിന്തകൾ ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെൽഫെയർ പാർട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ ഇടതുപക്ഷം, സംഘ്പരിവാർ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളിൽ വിള്ളലുകൾ വരുത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാൻ പാർട്ടികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare partyLok Sabha Elections 2024
News Summary - Welfare party statement on election result
Next Story