സെക്രേട്ടറിയറ്റിനു മുന്നിൽ വെൽഫെയർ പാർട്ടി ഭൂസമര സംഗമം നടത്തി
text_fieldsതിരുവനന്തപുരം: ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിെൻറ കാലങ്ങളായുള്ള നിലപാട് സവര്ണാധിപത്യമാണെന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സെക്രേട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ഭൂസമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യമായ വിവേചനമാണ് ഭൂ അവകാശത്തിെൻറ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഭൂരഹിതര്‍ക്ക് നല്കാന് ഇവിടെ തന്നെ ഭൂമിയുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ടാറ്റയും ഹാരിസണും പോലുള്ള കുത്തകകള്‍ ൈകയടക്കിവെച്ചിരിക്കുന്നത്. അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, തിരിച്ചുപിടിക്കാന്‍ ശ്രമിച്ചവരെ ഒതുക്കി കേസുകള്‍ തോറ്റുകൊടുക്കാനുള്ള നടപടിയാണ് ഇടതുപക്ഷം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്നവരെ സ്വത്വവാദികളെന്ന് വിളിച്ച് അരികുവത്കരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കെ.കെ. ബാബുരാജ് പറഞ്ഞു.
തീരദേശ മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് മാഗ്ലിൻ ഫിലോമിന, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.