വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ ക്ഷേമ പെൻഷൻ തടയേണ്ടെന്ന് നിർദേശം
text_fieldsതിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ ക്ഷേമ പെൻഷൻ ലഭിക്കുന്ന ആരുടെയും പെൻഷൻ ഇപ്പോൾ തടയേണ്ടെന്ന് സർക്കാർ നിർദേശം. വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ട അവസാന ദിവസം ഫെബ്രുവരി 28 ആയിരുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളിൽനിന്ന് ശേഖരിക്കുന്ന വരുമാന സർട്ടിഫിക്കറ്റുകൾ എ.കെ.എമ്മിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത്.
എന്നാൽ ചില കോർപറേഷനുകളും മുനിസിപ്പാലിറ്റികളുമടക്കം ലഭിച്ച സർട്ടിഫിക്കറ്റുകൾ ഇനിയും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല. പലയിടങ്ങളിലും സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് ഹാജരാകാത്തത് എത്രപേരെന്ന് കൃത്യമായി കണക്കെടുക്കാനായിട്ടില്ലെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്.
നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നിങ്ങനെ നാല് മാസങ്ങളിലായാണ് സർട്ടിഫിക്കറ്റ് നടപടികൾ നടന്നത്. കണക്കുകൾ കൃത്യമായി ലഭിച്ച ശേഷമേ പെൻഷൻ വിലക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. നിലവിൽ 52.5 ലക്ഷം പേരാണ് സംസ്ഥാന സർക്കാറിന്റെ സാമൂഹികസുരക്ഷ പെൻഷൻ പദ്ധതിയിലുള്ളത്. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടുതലുള്ളവർക്ക് ക്ഷേമ പെൻഷന് അർഹതയില്ലെന്നാണ് സർക്കാർ നിലപാട്.
ഉയർന്ന വരുമാനമുള്ളവരും ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പെൻഷൻ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാർഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിർദേശം. ക്ഷേമനിധി ബോർഡുകളിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് വരുമാനപരിധി വെച്ചിട്ടില്ലാത്തതിനാൽ അവരെ ഇത് ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.