ക്ഷേമ പെൻഷൻ തട്ടിപ്പ്; സംശയിക്കുന്നത് രേഖകളിലെ കൃത്രിമം മുതൽ വ്യാജ സത്യവാങ്മൂലം വരെ
text_fieldsതിരുവനന്തപുരം: സൂക്ഷ്മപരിശോധനയും മസ്റ്ററിങ്ങുമടക്കം മാനദണ്ഡങ്ങൾ കർശനമായിട്ടും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം ക്ഷേമ പെൻഷൻ പട്ടികയിൽ ഇടംപിടിച്ചതിൽ വെളിപ്പെടുന്നത് രേഖകളിൽ കൃത്രിമം കാണിക്കലടക്കം ഗുരുതര വീഴ്ച. ക്ഷേമ പെൻഷൻ അപേക്ഷയിൽ മറ്റേതെങ്കിലും സർക്കാർ ആനുകൂല്യങ്ങളോ പെൻഷനോ കൈപ്പറ്റുന്നുണ്ടോ എന്ന് രേഖപ്പെടുത്തേണ്ട കോളമുണ്ട്. ഇതിൽ വ്യാജപ്രസ്താവന ചേർത്താണ് ജീവനക്കാർ പദ്ധതിയിൽ ഗുണഭോക്താക്കളായത്. ക്ഷേമപെൻഷൻ പട്ടികയിൽ അനർഹരെ ഒഴിവാക്കുന്നതിന് സമയാസമയങ്ങളിൽ കർശന പരിശോധന നടത്താറുണ്ട്. എന്നാൽ, സർക്കാറിന്റെ ഭാഗമായവർ തന്നെ ക്രമക്കേടിൽ കണ്ണിയായത് ഗൗരവത്തോടെയാണ് ധന വകുപ്പ് കാണുന്നത്. ഇത്രയധികം പേർ എങ്ങനെ പദ്ധതിയിൽ കയറിക്കൂടി എന്നു കണ്ടെത്തുകയാണ് ഇനി ധനവകുപ്പിന് മുന്നിലെ വലിയ ദൗത്യം.
1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 1458 പേർ ഒരു മാസ പെൻഷൻ കൈപ്പറ്റിയ ഇനത്തിൽ മാത്രം 23.32 ലക്ഷം രൂപയാണ് സർക്കാറിന് നഷ്ടം. എത്ര മാസമായി ഇവർ പെൻഷൻ വാങ്ങുന്നെന്ന വിവരം സമാഹരിച്ചാലേ ആകെ നഷ്ടം കൃത്യമായി കണ്ടെത്താനാവൂ. ഇതിനുള്ള നടപടികളിലേക്കും ധനവകുപ്പ് കടന്നിട്ടുണ്ട്. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടത്. ധനവകുപ്പ് ഏറെ വിയർത്താണ് ഈ തുക കണ്ടെത്തുന്നത്. പെൻഷൻ കമ്പനി മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് മിക്കവാറും വിതരണം. എന്നിട്ടു പോലും നാലുമാസത്തെ പെൻഷൻ കുടിശ്ശികയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത് പ്രകാരം 2020 മാർച്ച്-ഏപ്രിലോടു കൂടി മാത്രമേ കുടിശ്ശിക വിതരണം പൂർത്തിയാകൂ. ഇത്തരത്തിൽ വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംരംഭത്തിലാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരടക്കം സർക്കാർ ജീവനക്കാർ നുഴഞ്ഞുകയറിയത്.
സാധ്യതകൾ ഇങ്ങനെ
60 വയസ്സ് പ്രായപരിധിയാണ് ക്ഷേമപെൻഷൻ പദ്ധതി അംഗമാകാനുള്ള പ്രധാന മാനദണ്ഡം. സർക്കാർ ജീവനക്കാർ എങ്ങനെ പദ്ധതിയിൽ അംഗമായി എന്നതാണ് പ്രധാന ചോദ്യം. വികലാംഗ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയവയാണ് മറ്റു ക്ഷേമ പെൻഷൻ പദ്ധതികൾ. ഇതിൽ ചേരുന്നതിന് പ്രായപരിധി ബാധകമല്ല. മുമ്പ് വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ വാങ്ങിയിരുന്നവർ സർക്കാർ ജോലി കിട്ടിയശേഷം പെൻഷൻ ഒഴിവാക്കിയിട്ടുണ്ടാകില്ലെന്നതാണ് ഒരു സാധ്യത.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 42 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷ പെൻഷൻ നൽകിയിരുന്നത്. 62 ലക്ഷം പേരാണ് ഇപ്പോൾ പെൻഷൻ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.