പെൻഷൻ തട്ടിയവർക്ക് സസ്പെൻഷൻ; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ ആറു ഉദ്യോഗസ്ഥർക്കെതിരെ
text_fieldsതിരുവനന്തപുരം: സാമൂഹികക്ഷേമ പെൻഷൻ തട്ടിപ്പിൽ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മണ്ണ് സംരക്ഷണ വിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കെ.എ. സാജിത, ജി. ഷീജ കുമാരി, പി. ഭാര്‍ഗവി, കെ. ലീല, കെ. രജനി, നസീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അനധികൃതമായി ക്ഷേമപെൻഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നേരത്തെ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവികസന കമീഷന്‍ അടക്കമുള്ളവര്‍ യോഗം ചേരുകയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരാണ് കൃഷി വകുപ്പില്‍നിന്ന് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദേശം നൽകി.
അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയ പണം തിരികെ പിടിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 18 ശതമാനം പലിശയടക്കമാണ് തിരിച്ചു പിടിക്കുക. നിലവില്‍ കൃഷി വകുപ്പില്‍ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തെ തന്നെ ധനവകുപ്പിന്റെ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 1458 സർക്കാർ ജീവനക്കാരായിരുന്നു അനധികൃതമായി പെൻഷൻ തട്ടിയെടുത്തത്. ധനവകുപ്പിന്‍റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
സർക്കാർ ഓഫിസുകളിലെ സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസി. പ്രഫസർമാരും വരെ പാവപ്പെട്ടവർക്കുള്ള പെൻഷൻ കൈപ്പറ്റുകയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക് ഡേറ്റയിലെ ആധാർ വിവരങ്ങൾ വെച്ച് ക്ഷേമ പെൻഷൻ ഡേറ്റ പരിശോധിച്ചതിൽ നിന്നാണ് ക്രമക്കേട് പിടികൂടിയത്.
ക്ഷേമ പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രഫസർമാരിലൊരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാൾ പാലക്കാട്ടെ സർക്കാർ കോളജിലും. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നുപേരാണ് പെൻഷൻ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ക്ഷേമ പെൻഷൻ വാങ്ങുന്ന കൂടുതൽ പേരുള്ളത്- 373. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്-224. മെഡിക്കൽ എജുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നു.
ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനർഹരെ കണ്ടെത്തി ഒഴിവാക്കുകയും അർഹരായവർക്ക് പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.