ക്ഷേമ പെൻഷൻ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, നിയമസഭയിൽ അടിയന്തര പ്രമേയം; ക്ഷേമ പെൻഷൻ താളംതെറ്റാൻ കാരണം കേന്ദ്രമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെൻഷൻ വിതരണം മുടങ്ങി കിടക്കുകയാണ്. ഇത് മൂലം കോഴിക്കോട് ചട്ടിക്കപ്പാറയിൽ ജോസഫ് എന്ന ആൾ ആത്മഹത്യ ചെയ്തു. കത്തിന് പുറമെ മരുന്നിന്‍റെ കവറിന് പുറത്തും ജോസഫ് ആത്മഹത്യ കുറിപ്പെഴുതി. സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണ് ആത്മഹത്യയിലേക്ക് വഴിവെച്ചത്. ക്ഷേമപെൻഷൻ കൃത്യമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുന്നില്ല. ഇത് കാരണം സംസ്ഥാനത്ത് ആത്മഹത്യ ഉണ്ടാകുന്നു. ജനങ്ങൾ ദുരിതത്തിലാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയെ അറിയിച്ചു. ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിച്ചത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും.
ചട്ടിക്കപ്പാറയിലെ ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ നായനാർ സർക്കാറിന്‍റെ കാലത്താണ്. പെൻഷൻ കൊടുക്കരുതെന്ന വാദം ഉന്നയിച്ചത് അന്നത്തെ യു.ഡി.എഫ് നേതാക്കളാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ കുടിശികയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് പ്ലക്കാർഡുമായാണ് നിയമസഭയിലെത്തിയത്. നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുമ്പിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ധനമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.