ക്ഷേമ പെൻഷൻ വർധിപ്പിക്കും; കുടിശ്ശിക കൊടുത്തു തീർക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിലും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയിലും ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി. നിലവിലെ അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായ 8000 രൂപയിൽ രണ്ട് ഗഡുവായ 3200 രൂപ ഈ സാമ്പത്തിക വർഷവും (2024-25) ശേഷിക്കുന്ന മൂന്ന് ഗഡുവായ 4800 രൂപ അടുത്ത സാമ്പത്തിക വർഷവും (2025-26) നൽകാനാണ് തീരുമാനം.
കുടിശ്ശിക തീർക്കുന്നതിനായി ഈ സാമ്പത്തിക വർഷം 1700 കോടിയാണ് ചെലവഴിക്കുക. 2500 കോടി അടുത്ത സാമ്പത്തിക വർഷവും. സർക്കാർ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ- ഡി.ആർ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. 2021 ജനുവരി ഒന്നു മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം വരെ ഏഴു ഗഡു ഡി.എ/ഡി.ആര് ആണ് കുടിശ്ശികയായത്. ശമ്പള പരിഷ്കരണ കുടിശ്ശികയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഇതു സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.
പെന്‍ഷന്‍ പരിഷ്കരണത്തിന്റെ ഭാഗമായുള്ള 600 കോടിയുടെ കുടിശ്ശികയും ഈ വർഷംതന്നെ വിതരണം ചെയ്യും. കരാറുകാർക്ക് നൽകാനുള്ള 2500 കോടി രൂപയുടെ കുടിശ്ശിക 2025 മാർച്ച് 30 നുള്ളിൽ വിതരണം ചെയ്യും. കേന്ദ്രത്തിന്റെ പ്രതികൂല സമീപനം മൂലം കേരളം നേരിട്ട അസാധാരണമായ പണഞെരുക്കമാണ് ക്ഷേമപെൻഷനിലും ക്ഷാമബത്ത, ഡിയര്‍നെസ് റിലീഫ് എന്നിവയുടെ വിതരണത്തിലും കുടിശ്ശിക വരാന്‍ ഇടയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷൻ തുക വർധിപ്പിക്കും
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നടത്തിയ പ്രത്യേക പ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. നിലവിൽ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി 1600 രൂപയായി ഉയർത്തി. ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവര്‍ക്ക് 600 രൂപ വീതമാണ് നല്‍കിയിരുന്നത്. 2011-16ലെ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ആകെ 8833.6 കോടി രൂപയാണ് നല്‍കിയതെങ്കില്‍ 2016-21ലെ എല്‍.ഡി.എഫ് സര്‍ക്കാർ 30,567.9 കോടി രൂപ സാമൂഹികസുരക്ഷ പെൻഷൻ നൽകാൻ ചെലവഴിച്ചു. ഈ സര്‍ക്കാറിന്‍റെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ വിതരണം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
- കെട്ടിട നിർമാണ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് നിലച്ചുപോയ പെൻഷൻ വിതരണം പുനഃസ്ഥാപിക്കാൻ സർക്കാർ ഇടപെടും. ബോർഡിൽനിന്നും 2023 മേയ് വരെയാണ് പെന്‍ഷന്‍ നല്‍കിയിട്ടുള്ളത്.
- ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീം, ഖാദി വസ്ത്രങ്ങള്‍ക്കുള്ള റിബേറ്റ്, ഖാദി നൂല്‍പ്പ്കാര്‍ക്കും നെയ്ത്തുകാര്‍ക്കും നല്‍കുന്ന ഉൽപാദക ബോണസും ഉത്സവബത്തയും നിലവില്‍ കുടിശ്ശികയാണ്. ഇതു കൊടുത്ത് തീര്‍ക്കും.
- കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആൻഡ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2010 മുതല്‍ 2022 വരെ വിരമിച്ച വര്‍ക്കര്‍മാര്‍ക്കുള്ള പെൻഷൻ കുടിശ്ശിക തീർപ്പാക്കും.
- കാരുണ്യ പദ്ധതിയുടെ ഭാഗമായും മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശ്ശിക സമയബന്ധിതമായി ഈ സാമ്പത്തിക വര്‍ഷത്തില്‍തന്നെ വിതരണം ചെയ്യും.
- വിപണി ഇടപെടലിന്‍റെ ഭാഗമായി സപ്ലൈകോക്കുള്ള സഹായം, നെല്ല് സംഭരണം, നെല്ലുൽപാദനം എന്നിവക്ക് നല്‍കേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകള്‍ എന്നിവയിലെ കുടിശ്ശികയും ഈ വര്‍ഷംതന്നെ നൽകും.
- എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മെഗാ ത്രിവേണി മാര്‍ക്കറ്റുകള്‍ ആരംഭിക്കും. നീതി സ്റ്റോറുകളുടെ വാതില്‍പ്പടി വിതരണം പുനരുജ്ജീവിപ്പിക്കും.
- പട്ടികജാതി -വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ടവര്‍ക്കും ഉള്ള വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ് ആനുകൂല്യങ്ങളുടെ കുടിശ്ശികയും ഇക്കാലയളവിൽ പൂർത്തിയാക്കും.
- വയനാട്, ഇടുക്കി, കാസർകോട് പാക്കേജുകൾക്കായി 75 കോടി രൂപ വീതം
- കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും.
- ഇടുക്കി ജില്ലയില്‍ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ചിട്ടുള്ള കൃഷിനാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കും.
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 1031 പേരെ കാസർകോട് പാക്കേജിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കും.
- ജലജീവന്‍ മിഷന്‍ പദ്ധതിയിലെ പ്രവൃത്തികള്‍ 2025 ഒക്ടോബറോടുകൂടി പൂര്‍ത്തിയാക്കും. ഇതുവരെയുള്ള കരാറുകാര്‍ക്കുള്ള കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.