സമ്പൂർണ മുസ്ലിം ന്യൂനപക്ഷ പദ്ധതി; പുതിയ അവകാശികൾ വന്നപ്പോൾ ചോദ്യം ചെയ്യാത്തത് തിരിച്ചടിയായി
text_fieldsകൊച്ചി: സമ്പൂർണ മുസ്ലിം ന്യൂനപക്ഷ പദ്ധതിയിൽ പുതിയ അവകാശികൾക്ക് പങ്കാളിത്തം അനുവദിച്ചപ്പോൾ ചോദ്യം ചെയ്യാതാണ് വിദ്യാഭ്യാസ സ്കോളർഷിപ് കാര്യത്തിൽ മുസ്ലിം സമുദായത്തിന് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടാകാൻ കാരണം.
5000 സ്കോളർഷിപ്പുകൾ അനുവദിക്കാനും ഹോസ്റ്റൽ താമസത്തിനും മത്സരപ്പരീക്ഷകൾക്കുമായി സ്റ്റൈപൻഡ് ഇനത്തിൽ 10 കോടി നീക്കിവെക്കാനുമുള്ള 2008ലെ ഉത്തരവ് സമ്പൂർണമായും മുസ്ലിം പെൺകുട്ടികൾക്ക് അനുവദിച്ച പദ്ധതിയായിരുന്നു. എന്നാൽ, 2011ൽ ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിദ്യാർഥികൾക്കുകൂടി ഇതിൽ സ്റ്റൈപൻഡ് പ്രഖ്യാപിച്ചതോടെ പദ്ധതിയുടെ സ്വഭാവം മാറി. മുസ്ലിം സമുദായത്തിനായി മാത്രം നടപ്പാക്കിയ ഇത് ന്യൂനപക്ഷ പദ്ധതി എന്നതിലേക്ക് മാറി. 2015ൽ മുസ്ലിംകൾക്ക് 80ഉം ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് 20ഉം ശതമാനം എന്ന രീതിയിൽ ഉത്തരവിറങ്ങി. എന്നാൽ, ഇതിനെ ചോദ്യം ചെയ്യാൻ ഒരു സമുദായ സംഘടനയും തയാറായില്ല. മുസ്ലിം ഉന്നമനത്തിനുള്ള പ്രേത്യക പദ്ധതിയാണിതെന്ന് ഇപ്പോൾ കോടതിയെ ബോധ്യപ്പെടുത്താനുമായില്ല.
വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ അവസാന കാലത്താണ് ഗുണഭോക്താക്കളിൽ ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗ് അടക്കം ഒരു സംഘടനയും ഇത് ചോദ്യം ചെയ്തില്ല. പിന്നീട് 80:20 എന്ന അനുപാതത്തിൽ പദ്ധതി നടപ്പാക്കിയത് ലീഗിനുകൂടി പങ്കാളിത്തമുള്ള ഉമ്മൻ ചാണ്ടി സർക്കാറാണ്. അന്നും എതിർപ്പുകളുയർന്നില്ല.
ന്യൂനപക്ഷ പദ്ധതിയെന്ന പേരിൽ അറിയപ്പെട്ടതും വിനയായി. ന്യൂനപക്ഷ പദ്ധതിയിൽ അവകാശമുണ്ടെന്ന വാദമുയർത്താൻ ക്രൈസ്തവ വിഭാഗത്തിന് ഇത് വഴിയൊരുക്കി. കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്ന എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി അവകാശമുണ്ടെന്ന വിലയിരുത്തലിലേക്ക് കോടതിയെ എത്തിച്ചത് ഇതാണ്.
പദ്ധതിയുടെ രൂപമാറ്റത്തിെൻറ വിവിധ ഘട്ടത്തിലെന്നപോലെ ഇത്തരമൊരു പൊതുതാൽപര്യ ഹരജി കോടതിയിൽ വന്നപ്പോൾപോലും കക്ഷിചേരാൻ മുഖ്യധാര മുസ്ലിം സംഘടനകളും രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവന്നില്ല.
മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് എന്ന സംഘടന മാത്രമാണ് കക്ഷിചേർന്നത്. എന്നാൽ, സച്ചാർ, പാലൊളി കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുസ്ലിംകൾക്കുവേണ്ടി മാത്രം നടപ്പാക്കിയ പദ്ധതിയാണിതെന്ന് ബോധ്യപ്പെടുത്താൻ കക്ഷിചേർന്നവർക്കോ സർക്കാറിനോ കഴിഞ്ഞില്ല. 2011ലും 2015ലും കോടതിയെ സമീപിക്കാതിരുന്നതിനാൽ ഇത്തരമൊരു വാദം കോടതിരേഖകളിൽ ചൂണ്ടിക്കാട്ടാനില്ലാതെ പോയതും തിരിച്ചടിയായി.
കേസിെൻറ തീർപ്പിന് പൂർണമായും കേന്ദ്ര വിജ്ഞാപനത്തിലെ ന്യൂനപക്ഷ സമുദായ പട്ടിക മാത്രം കോടതി മുന്നോട്ടുവെച്ചപ്പോൾ ഹരജിക്കാരനടക്കം കേരളത്തിലെ ക്രൈസ്തവരിലെ ഭൂരിഭാഗവും മുന്നാക്ക വിഭാഗക്കാരാണെന്നും ന്യൂനപക്ഷ പദ്ധതിയുടെ ആനുകൂല്യത്തിന് ഇവർ അർഹരല്ലെന്നും കോടതിയെ ബോധ്യപ്പെടുത്താനും കഴിയാതെപോയി.
ഹരജിയിൽ കക്ഷിയാകാത്തവർക്ക് അപ്പീൽ നൽകാൻ കഴിയില്ലെന്നിരിക്കെ അപ്പീൽ നൽകുമെന്ന പ്രഖ്യാപനം കേസുമായി ബന്ധമില്ലാത്ത ചില സംഘടനകൾ നടത്തിയിട്ടുണ്ട്.
അതേസമയം, ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. എതിർകക്ഷിയായ സർക്കാർ അപ്പീൽ നൽകാനുള്ള സാധ്യത വിരളമാണ്. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.