ആരോഗ്യമുള്ള കുഞ്ഞിനായി വെൽ ബേബി ക്ലിനിക്
text_fieldsകോഴിക്കോട്: ഓട്ടിസം നേരത്തേ കണ്ടെത്താൻ വെൽ ബേബി ക്ലിനിക് ഒരുക്കുകയാണ് സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധർ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും യൂനിസെഫും സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. മൂന്നു വയസ്സുവരെ കൃത്യമായ ഇടവേളകളിൽ കുട്ടികളെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതി.
1990കളിൽ 10,000ത്തിൽ 10 എന്ന കണക്കിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഓട്ടിസം ഇന്ന് 68ൽ ഒന്ന് എന്നതിലേക്ക് കൂടിയിരിക്കുന്നു. രോഗത്തെക്കുറിച്ച് സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂർധന്യാവസ്ഥയിൽ എത്തുമ്പോഴാണ് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്.
സാധാരണ കുഞ്ഞ് ജനിച്ച് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായിക്കഴിഞ്ഞാൽ പിന്നീട്, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒമ്പതു മാസം എന്നിങ്ങനെ കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾക്ക് ആശുപത്രികളെ സമീപിക്കുന്നുണ്ട്. അതോടൊപ്പം ഈ ദിനങ്ങളിലെല്ലാം ഡോക്ടർമാർകൂടി കാണുന്ന സാഹചര്യം ഉറപ്പാക്കുക, പ്രതിരോധ കുത്തിവെപ്പ് സമയം കൂടാതെ, ആറു മാസം, ഒരു വയസ്സ്, ഒന്നര വയസ്സ്, രണ്ട്, രണ്ടര, മൂന്ന് വയസ്സുകളിലും കൃത്യമായി പരിശോധന നടത്തി കുഞ്ഞിന്‍റെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് പദ്ധതി.
ഒരു വയസ്സാകുമ്പോൾ ചോദ്യാവലി തയാറാക്കി കുട്ടികളിലെ ഓട്ടിസം കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ ഡോ. മോഹൻദാസ് നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.