പെൺകരുത്തിൽ പിറന്നത് 1423 കിണറുകൾ
text_fieldsതൊടുപുഴ: കുടിവെള്ളത്തിനായി ഒരിക്കൽ അയല്‍വീട്ടിലെ കിണറുകളെ ആശ്രയിച്ച് ഗതികെട്ട വീട്ടമ്മമാർ പിന്നീട് കുഴിച്ചത് 1400ലധികം കിണറുകൾ. കിലോമീറ്ററുകൾ നടന്ന് കുടിനീർ ശേഖരിച്ചിരുന്ന ഗ്രാമങ്ങളിൽ ഇവർ ഏറ്റെടുത്ത ദൗത്യം സ്ത്രീകൂട്ടായ്മയുടെ തെളിനീരായി.
ഇടുക്കിയിൽ ആറു മാസത്തിനിടെ എട്ട് ബ്ലോക്കുകളിലെ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ 1423 കിണറുകൾ ഇവരുടെ കൈക്കരുത്തിൽ പിറന്നു. വരൾച്ച രൂക്ഷമായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ കിണർ നിർമാണവും ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതിയിലെ പുതുസംരംഭം എന്ന നിലയിൽ കഴിഞ്ഞ നവംബറിലാണ് കിണറുകൾ കുഴിച്ചുതുടങ്ങിയത്.
ഏപ്രിൽ പകുതി കടന്നപ്പോൾ കിണറുകളുടെ എണ്ണം 1423ലെത്തി. അടിമാലി ബ്ലോക്കിൽ 809, അഴുത- -85, ദേവികുളം -26, ഇളംദേശം -325, ഇടുക്കി -12 , നെടുങ്കണ്ടം -138 , തൊടുപുഴ -28 എന്നിങ്ങനെയാണ് കണക്ക്. കഠിനാധ്വാനം വേണ്ടിവരുന്ന ജോലി വീട്ടമ്മമാർ ഏറ്റെടുക്കുന്നതിലെ വെല്ലുവിളി അറിഞ്ഞിട്ടും കുടിവെള്ളത്തിെൻറ പ്രാധാന്യം മനസ്സിലാക്കിയാണ് സാഹസത്തിനു മുതിർന്നതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. കിണറിനുള്ളിലെ പാറപൊട്ടിക്കൽപോലുള്ള ജോലികൾക്ക് പുരുഷന്മാരും സഹായികളായി.
ആഴം കൂടിയ കിണറുകളിൽ ഇറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവെപ്പട്ടപ്പോഴും പുരുഷതൊഴിലാളികളുടെ സഹായം തേടി. സ്ത്രീ തൊഴിലാളി കൂട്ടായ്മയിൽ 10 പേരാണ് ഉണ്ടായിരുന്നത്. ആദ്യ ദിനങ്ങളില്‍ തോന്നിയ ബുദ്ധിമുട്ടുകൾ കുഴിച്ച കിണറുകളിൽ വെള്ളം കണ്ടതോടെ ഇല്ലാതായി. പിന്നീട് ജോലിയിൽ ആവേശത്തിെൻറ തെളിനീർ നിറഞ്ഞു.
ഉടുമ്പന്നൂര്‍ കുളപ്പാറയില്‍ താമസിക്കുന്ന തട്ടക്കുഴ താന്നിമൂട്ടില്‍ ജോസും കുടുംബവും വർഷങ്ങളായി കുടിവെള്ളത്തിന് അയല്‍വീടുകളിലെ കിണറുകളെയാണ് ആശ്രയിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്വന്തമായി കിണര്‍ കുഴിക്കാനുമായില്ല.
ഇതിനിടെയാണ് സഹായഹസ്തവുമായി വാര്‍ഡിലെ മെമ്പർക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്ത് വന്നത്. ഇപ്പോൾ കൊടുംവരള്‍ച്ചയിലും വറ്റാത്ത കിണർ കുടുംബത്തിനു സ്വന്തമായി. ഇത്തരത്തിൽ ഹൈറേഞ്ചിലെ പല സ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നന്ദി പറയുകയാണ് കുടുംബങ്ങൾ. പലയിടത്തും തടയണ നിർമാണത്തിലും സ്ത്രീകൾ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.