സുകുമാരക്കുറുപ്പിനൊപ്പം ഡോക്ടർ ഓമനയെയും തേടി മലയാളികൾ; കേരളത്തെ നടുക്കിയ സ്യൂട്ട്കേസ് കൊലയെ കുറിച്ചറിയാം
text_fieldsനടൻ ദുൽഖർ സൽമാന്‍റെ 'കുറുപ്പ്' ചിത്രം തീർത്ത തരംഗത്തിനിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് കൊലപാതകം നടത്തി മുങ്ങിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ തേടി നടക്കുകയാണ് ഇപ്പോൾ മലയാളികൾ. സുകുമാരക്കുറുപ്പിനെ വെല്ലുന്ന കൊലക്കേസായിരുന്നു കേരളത്തെ നടുക്കിയ 'സ്യൂട്ട് കേസ് കൊലക്കേസ്'. കാമുകന്‍റെ ശല്യം ഒഴിവാക്കാൻ അയാളെയും കൂട്ടി വിനോദ യാത്രക്ക് പോയി താമസത്തിനെടുത്ത മുറിയിൽവെച്ച് കാമുകനെ കൊന്ന് രക്തം ചിന്താതെ പല കഷണങ്ങളാക്കി ഉപേക്ഷിച്ച് മുങ്ങിയ ഡോ. ഓമനയെ മലയാളി മറന്നിട്ടുണ്ടാകില്ല. 1996 ജൂലൈ 11നാണ് സംഭവം.
കാമുകനെ കഷണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലെ പ്രതിയാണ് പയ്യന്നൂര്‍ സ്വദേശിനിയായ ഡോ. ഓമന. ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു മുറിയില്‍ വെച്ചാണ് ഡോ. ഓമന കാമുകന്‍ പി. മുരളീധരനെ കൊലപ്പെടുത്തിയത്. അന്ന് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പരോളിൽ ഇറങ്ങിയ ഡോ. ഓമന രാജ്യം വിട്ടതായാണ് ഒടുവിലത്തെ വിവരം. 2001ലാണ് ഓമന മുങ്ങിയത്. അടുത്തിടെ മലേഷ്യയില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി സ്ത്രീ ഡോ. ഓമനയാണെന്ന് സംശയമുയര്‍ന്നിരുന്നു. ഇപ്പോൾ കുറുപ്പ് സിനിമ പുറത്തിറങ്ങിയപ്പോൾ പിടികിട്ടാപ്പുള്ളി കണക്കിൽ കേരളത്തെ വിറപ്പിച്ച ഡോ. ഓമനയും വാര്‍ത്തകളില്‍ നിറയുകയാണ്. ഡോക്ടർ ഓമന ഇപ്പോൾ എവിടെയാകും.
കാമുകന്‍റെ ശരീരം പെട്ടിയിൽ, ആന്തരികാവയവങ്ങൾ ക്ലോസറ്റില്‍; ഓമനയെവിടെ?
വൈദ്യ ശാസ്ത്രത്തിൽ താൻ നേടിയ വിജ്ഞാനം ഒരാളുടെ ജീവൻ രക്ഷിക്കുന്നതിന് പകരം ഒരു ജീവൻ എടുക്കുന്നതിന് അതിവിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു ഡോ. ഓമന. അതും ഒരു തുള്ളി രക്തം ചിന്താതെ. സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധനേടിയ സംഭവങ്ങളിലൊന്നാണ് 'സ്യൂട്ട് കേസ് കൊലക്കേസ്'. പയ്യന്നൂരില്‍ പ്ലാനേഴ്‌സ് ആൻഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന മുരളീധരനെ(42) കാമുകി, 'ഓമന ഐ ക്ലിനിക്' നടത്തിയിരുന്ന ഡോ. ഓമനയാണ് ഊട്ടിയില്‍വച്ച് കൊന്നു കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചത്.
2001ല്‍ ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ ഓമനയെ ഇനിയും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യം വിട്ടു എന്ന വിവരം പരന്നതിനെ തുടർന്ന് ഇന്‍റര്‍പോൾ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. ഓമന മലേഷ്യയിലുണ്ടെന്നും മരിച്ചെന്നും വിവരങ്ങളുണ്ട്. 1996 ജൂലൈ 11ന് മുരളീധരനെ ഊട്ടിയില്‍വച്ചു കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചു കൊടൈക്കനാല്‍ വഴി കന്യാകുമാരിയിലേക്ക് കാറില്‍ പോയ ഓമനയെ ഡിന്‍ഡിഗലിനടുത്തുവച്ചാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്യുന്നത്.
മുരളീധരന്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഓമന പറഞ്ഞത്. മലേഷ്യയിലായിരുന്ന ഓമന ജൂലൈ ആദ്യമാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ടെലഫോണില്‍ മുരളീധരനെ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോകുകയായിരുന്നു. യാത്രയിൽ വീണ്ടും മുരളീധരന്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. വിവാഹിതയായിരുന്ന ഓമന വിസമ്മതിച്ചു. മുരളീധരന്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചതോടെ ഭര്‍ത്താവ് ഓമനയിൽനിന്ന് വിവാഹമോചനം നേടി. ശേഷം മലേഷ്യയിലേക്ക് പോയ ഡോ. ഓമന അവിടെ പ്രാക്ടീസ് തുടങ്ങി. ഓമനയെ തേടി മുരളീധരൻ മലേഷ്യയിലെത്തി.
ശല്യം തുടർന്നപ്പോൾ ഓമന വിവാഹത്തിന് സമ്മതിച്ചു. മുരധീരനെ കൊന്നിട്ടാണെങ്കിലും ശല്യം ഒഴിവാക്കുക എന്നതായിരുന്നു ഓമനയുടെ ലക്ഷ്യം. തുടർന്ന് ഓമന നാട്ടിലെത്തി ഇരുവരും ഒരുമിച്ച് ഊട്ടിയിലെത്തി സ്വകാര്യ ഹോട്ടലിലും റെയില്‍വേ റിട്ടയറിങ് റൂമിലും താമസിച്ചു. അവിടെവച്ച് മുരളീധരനു വിഷം നല്‍കി. മരിച്ചു എന്നുപ്പാക്കിയശേഷം മൃതദേഹം 20 കഷ്ണങ്ങളാക്കി മൂന്നു സ്യൂട്ട് കേസുകളില്‍ നിറച്ചു. സർജിക്കൽ േബ്ലഡ് ഉപയോഗിച്ചാണ് മൃതദേഹം പീസ് പീസ് ആക്കിയത്. മെഡിസിന്‍ പഠന കാലയളവില്‍ ഓപ്പറേഷന്‍ കത്തി ഉപയോഗിച്ച പരിചയമാണു ഡോ. ഓമനയെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാന്‍ സഹായിച്ചത്.
പോസ്റ്റ്മോര്‍ട്ടം രീതിയിലായിരുന്നു മൃതദേഹം കീറിമുറിച്ചത്. കട്ടിലിലെ പായയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ഈ ഷീറ്റില്‍ കിടത്തിയാണ് മുരളിയെ വെട്ടിനുറുക്കിയത്. ശരീരത്തിലെ തൊലി നീക്കം ചെയ്തു ബാഗില്‍ സൂക്ഷിച്ചു. സന്ധികൾ മുറിച്ച് എല്ലുകള്‍ വേര്‍പെടുത്തി. മാംസവും എല്ലുകളും പ്രത്യേകമാക്കി പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു. ആന്തരികാവയവങ്ങള്‍ നുറുക്കി ക്ലോസറ്റിലിട്ട് വെള്ളമൊഴിച്ചു. വലിയ പെട്ടികൾ വാങ്ങി ശരീര ഭാഗങ്ങൾ അതിലാക്കി. തുടർന്ന് ടാക്‌സി വിളിച്ച് ഊട്ടിയില്‍നിന്നും കൊടൈക്കനാലിലെത്തി. അവിടെനിന്ന് കന്യാകുമാരിയിലേക്ക് പോകവെയാണ് പിടിയിലായത്. മൃതദേഹം ഊട്ടിയില്‍ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. അവിടെ ആളുകൾ കൂടുതലായതിനാൽ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് ടാക്‌സിയില്‍ കൊടൈക്കനാലിലേക്ക് പോയി. അവിടെയും നടന്നില്ല. പിന്നീട് മറ്റൊരു ടാക്‌സി വിളിച്ച് കന്യാകുമാരിയിലേക്ക് പോയി. വഴിക്ക് ഡീസലടിക്കാന്‍ കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ സ്യൂട്ട് കേസുകളില്‍നിന്ന് നാറ്റം വമിക്കുന്നതിന്‍റെ കാരണം അന്വേഷിച്ചു. പന്തികേട് മണത്ത ഓമന കാറിൽനിന്നിറങ്ങി ഓടി. ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അധികം വൈകാതെ ഓമനയെ പൊക്കി.
കൊടൈക്കനാല്‍ പൊലീസാണ് ഓമനയെ അറസ്റ്റ് ചെയ്തത്. ആദ്യം ഊട്ടി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈം ബ്രാഞ്ചിനു കൈമാറി. പിന്നീട് തമിഴ്‌നാട് സെന്‍ട്രല്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയ ഓമന 2001 ജനുവരി 29ന് ഒളിവില്‍ പോയി. ഇന്‍റര്‍പോള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഓമനയെ കുറിച്ച് നിറം പിടിപ്പിച്ച ഒരുപാട് കഥകൾ നാട്ടിൽ പ്രചാരത്തിലുണ്ട്. ജീവനോടെയുണ്ടെങ്കിൽ ലോകത്തിന്‍റെ ഏതോ കോണിലിരുന്ന് അവർ ഇതൊക്കെ അറിയുന്നുണ്ടാകും.
ഡോ. ഓമന കൃത്യം നിർവഹിച്ച ഹോട്ടൽ മുറിയിൽ പിൽക്കാലത്ത് തനിച്ച് താമസിക്കേണ്ടി വന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകൻ കെ.എ ഷാജി ആ അനുഭവം അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കെ.എ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
ഒന്നര ദശകം മുന്‍പുള്ള ഒരു ഡിസംബര്‍ രാത്രി. ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് പ്രതിദിന വാടകയില്‍ കൊടുക്കുന്ന രണ്ടു റൂമുകളില്‍ ഒന്ന്. കൊട്ടിയടച്ച ജനാലകളുടെ സുഷിരങ്ങളില്‍ കൂടി പുറത്തെ കൊടും ശൈത്യം അരിച്ചെത്തുന്നു. ശരീരത്തിന്‍റെ പ്രതിരോധങ്ങളെ തകര്‍ത്ത് തണുപ്പ് അസ്ഥികള്‍ക്കുള്ളിലേക്ക് നുഴഞ്ഞു കയറുകയാണ്….മുട്ട് കേട്ട് വാതില്‍ തുറന്നപ്പോള്‍ അൽപം മുമ്പ് പരിചയപ്പെട്ട മലയാളിയായ സ്റ്റേഷന്‍ മാസ്റ്റര്‍. ഒരു കമ്പനി ഇല്ലാതെ ഞാന്‍ ബോറടിച്ചിരിക്കുകയായിരുന്നു," അയാള്‍ പറഞ്ഞു. അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു. വെള്ളം ഉറഞ്ഞു കട്ടിയാകുന്ന ഊട്ടിയിലെ ഡിസംബര്‍ തണുപ്പില്‍ കിടുങ്ങി വിറച്ച് ആ രാത്രിയെ അതിജീവിക്കേണ്ടി വരുമായിരുന്നു. നീണ്ട യാത്രയുടെ ഇടയില്‍ അവിചാരിതമായി എത്തപ്പെട്ടതാണ്.
എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ഭാര്യയുടെ അന്ത്യശാസനം മൂന്നാം തവണ വന്നപ്പോള്‍ സഹൃദയനായ സ്റ്റേഷന്‍ മാസ്റ്റര്‍ യാത്ര പറഞ്ഞിറങ്ങി. മുന്നോട്ടു വച്ച കാല്‍ ഒന്ന് പിന്നോട്ട് വച്ച് അയാള്‍ പോകാന്‍ നേരം പൊടുന്നനെ ഒരു ചോദ്യം എറിഞ്ഞു:
"ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ?"
"ഏത് ഓമന?"
"ഡോക്ടര്‍ ഓമന…"
"ഡോക്ടര്‍ ഓമന…?"
"കാമുകനെ വെട്ടി നുറുക്കി സ്യൂട്ട് കെയ്‌സില്‍ ആക്കിയ ഡോക്ടര്‍ ഓമന. പയ്യന്നൂരില്‍ നിന്നുള്ള…"
"പത്രത്തില്‍ വായിച്ചിട്ടുണ്ട്. അതിന്…"ഒന്നുമില്ല. നിങ്ങള്‍ താമസിക്കുന്ന ഈ മുറിയില്‍ വച്ചാണ് ഡോക്ടര്‍ ഓമന കാമുകനെ നുറുക്കി കഷണങ്ങള്‍ ആക്കി പെട്ടിയില്‍ ആക്കിയത്. അതും ഒരു തുള്ളി രക്തം പോലും തറയില്‍ വീഴാതെ
ക്ലിനിക്കല്‍ പ്രസിഷനില്‍… ചരിത്രത്തില്‍ ഇടം നേടിയ റൂം ആണ് നിങ്ങള്‍ക്ക്
കിട്ടിയിരിക്കുന്നത്. എന്‍ജോയ്…." ഏതോ പുരാതനമായ ക്രൗര്യം കലര്‍ന്ന ചിരിയോടെ അയാള്‍
പറഞ്ഞു നിര്‍ത്തി. സ്തംഭിച്ചു നില്‍കുന്ന എന്‍റെ മുന്നിലൂടെ അയാള്‍ വേഗം വീട് ലക്ഷ്യം വച്ച് നടന്നു.
മനസ്സില്‍ തണുപ്പിന്‍റെ സ്ഥാനം ഭയം അപഹരിച്ചെടുത്തു. ദുഷ്ടന്‍ അത്
പറയാതിരുന്നിരുന്നെങ്കില്‍….ഈ നട്ട പാതിരയില്‍ വേറെ റൂം എവിടെ പോയി നോക്കാനാണ്.
ചുറ്റുപാടുകളില്‍ തണുപ്പിന്‍റെ മുഖാവരണം ഇട്ട നിശബ്ദത.
കമ്പിളി പുതപ്പിനുള്ളില്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കുമ്പോള്‍ ഡോക്ടര്‍ ഓമന നാഗവല്ലിയായി കടന്നു വരുന്നു. ചണ്ടാളാ എന്ന് തെല്ലും അലിവില്ലാതെ വിളിക്കുന്നു. വിടമാട്ടേന്‍ എന്ന് ഗര്‍ജിക്കുന്നു. രക്തം ചിന്താതെ മുറിച്ചു കഷണമാക്കാന്‍ ഡോക്ടര്‍ തന്‍റെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എടുക്കുന്നു. ഇന്നത്തെ പോലെ തന്നെ അന്നും അപാര ധൈര്യം ആയിരുന്നത് കൊണ്ട് ആ രാത്രി ഉറങ്ങിയില്ല. ഓമനയും കാമുകന്‍ മുരളീധരനും മനുഷ്യശരീരം മുറിച്ചു പെട്ടിയില്‍ ആക്കുന്ന പ്രക്രിയയും മനസ്സിനെ വീണ്ടും വീണ്ടും ഭയപ്പെടുത്തി.
1996 ജൂലൈ മാസത്തില്‍ ആയിരുന്നു ആ കൊലപാതകം. `Harassed Kerala lady doctor chops
tormentor into pieces' എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ (മുംബൈ എഡിഷന്‍) അന്ന്
ഒന്നാം പേജില്‍ വന്ന തലവാചകം എന്നാണ് ഓര്‍മ. പല പ്രണയാഭ്യര്‍ത്ഥനകളും നിരസിക്കാന്‍
പ്രേരകം ആയത് ഓമന നല്‍കിയ മുന്നറിയിപ്പാണ്… പെട്ടികള്‍ ടാക്‌സിയുടെ ഡിക്കിയില്‍ വച്ച് കൊടൈകനാലിനു പോയ ഓമനയുടെ ലക്ഷ്യം അവ അവിടുത്തെ കൊക്കയില്‍ എറിയുക എന്നത് ആയിരുന്നു. ഡ്രൈവര്‍ക്ക് സംശയം തോന്നി. അയാള്‍ അറിയിച്ചത് അനുസരിച്ച് അവര്‍ പൊലീസ് പിടിയില്‍ ആയി. മലയാളി സ്ത്രീകള്‍ പൊതുവില്‍ കൊലപാതക കേസുകളില്‍ പ്രതികള്‍ ആകുന്നത് കുറവയിരുന്നതിനാലും കൊല നടത്തിയ രീതിയുടെ പ്രത്യേകത കൊണ്ടും ഓമനയെ മാധ്യമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ആഘോഷിച്ചു.
പിടിക്കപെട്ടപ്പോള്‍ മാനസിക രോഗിയായി അവര്‍ അഭിനയിച്ചു. പരോളില്‍ ഇറങ്ങി മലേഷ്യയിലേക്ക് മുങ്ങി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നല്ല നിലയില്‍ പറ്റിച്ചു. മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ച സ്ത്രീ ഓമനയാണ് എന്നാണ് അധികൃതരുടെ സംശയം. ഒരു കാലഘട്ടത്തെ നുറുക്കി സ്യൂട്ട് കേസില്‍ ആക്കിയ ഡോക്ടര്‍ ഓമന ചരിത്രമാണ്... ഓര്‍മകളില്‍ ഊട്ടി റെയില്‍വേ സ്റ്റേഷനിലെ ആ മുറിയും അവിടുത്തെ രാത്രിയും ഇന്നും ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.