‘റോഹിങ്ക്യൻ അഭയാർഥി പ്രശ്നം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം’
text_fieldsകൊച്ചി: മ്യാന്മറിൽനിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യൻ അഭയാർഥികൾക്ക് ലോകത്ത് നിലനിൽക്കാനും മാന്യമായി ജീവിക്കാനുമുള്ള അവസരമൊരുക്കാനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടതുപാർട്ടികളുെട കോൺഫറൻസ്.
ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കണം. അഭയാർഥികൾ നേരിടുന്ന ദുരിതത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോൺഫറൻസ് പ്രശ്നപരിഹാരം വൈകുന്നത് ഛിദ്രശക്തികൾക്ക് മുതലെടുപ്പിന് അവസരമൊരുക്കുമെന്നും ചൂണ്ടിക്കാട്ടി. അതിഗുരുതര മാനുഷിക പ്രശ്നമാണ് ഉണ്ടായിരിക്കുന്നത്. 4.5 ലക്ഷം റോഹിങ്ക്യൻ അഭയാർഥികളാണ് വളരെ മോശപ്പെട്ട സാഹചര്യത്തിൽ കഴിയുന്നത്. പരിമിതികൾ ഉണ്ടെങ്കിലും ബംഗ്ലാദേശ് ഇവർക്ക് ആകുന്ന സഹായം നൽകുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിെൻറ ഇടപെടൽ അനിവാര്യമാണ്.
യു.എൻ ഏജൻസികളും റെഡ്ക്രോസും വിഷയത്തിൽ ഫലപ്രദ ഇടപെടൽ നടത്തണം. അഭയാർഥികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ വൈകുന്നത് സാമ്രാജ്യത്വ ശക്തികൾ പിന്തുണക്കുന്ന തീവ്രവാദ ശക്തികൾക്ക് ഇടപെടാൻ അവസരമൊരുക്കും. എല്ലാ വിധത്തിലെ തീവ്രവാദപ്രവർത്തനങ്ങളോടും സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് എത്തിയവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി സെമിനാറിെൻറ വിവരങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
ഏതെങ്കിലും തരത്തിലെ തീവ്രവാദശക്തികളുടെ പ്രവർത്തനം ഉണ്ടെങ്കിൽ അത് അന്വേഷിച്ച് നടപടിയെടുക്കണം. അല്ലാതെ അത് സാമാന്യവൽകരിച്ച് അഭയാർഥികൾക്ക് നീതി നിഷേധിക്കുകയല്ല വേണ്ടത്. വിഷയത്തിൽ മുൻ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നനും ബംഗ്ലാദേശ് പ്രസിഡൻറ് ശൈഖ് ഹസീനയും മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ച് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടതായും എം.എ. ബേബി പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.