പശ്ചിമതീര കനാല്‍ വികസനം; 19.30 കോടിയുടെ പദ്ധതിക്ക് അനുമതി
text_fieldsതിരുവനന്തപുരം: ദേശീയ ജലപാതയുടെ ഭാഗമായ പശ്ചിമതീര കനാല്‍ വികസനത്തിന് (വെസ്റ്റ് കോസ്റ്റ് കനാൽ) 19.30 കോടിയുടെ പദ്ധതിക്ക് അനുമതി. പശ്ചിമതീര കനാൽ വികസനത്തിന്റെ ഭാഗമായി ആവിഷ്കരിച്ച ‘വെസ്റ്റ് കോസ്റ്റ് കനാൽ പുനരധിവാസ പാക്കേജ്’ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാന്‍ഡ് നാവിഗേഷൻ വകുപ്പ് നടപടി തുടങ്ങി. കനാലിന്റെ ആഴം കൂട്ടൽ, പാർശ്വസംരക്ഷണം, ജലയാനങ്ങളുടെ സുഗമ സഞ്ചാരത്തിന് വേലിയേറ്റ വ്യതിയാനങ്ങൾകൂടി പരിഗണിച്ചുള്ള വികസനം എന്നിവയാണ് ലക്ഷ്യമിടുന്നത്. ‘വെസ്റ്റ് കോസ്റ്റ് കനാൽ പുനരധിവാസ പാക്കേജി’ന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പദ്ധതി മേഖലയിൽ വരുന്ന കുടുംബങ്ങളുടെ പുനരധിവാസ പട്ടികക്ക് കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.
കോവളം മുതൽ വർക്കല വരെ ഭാഗത്ത് 1275 കുടുംബങ്ങളെയാണ് പുനരവധിവസിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അനുവദിച്ച 19.30 കോടി രൂപ ശിവഗിരി ടണലിന്റെ വടക്കേയറ്റം മുതൽ ശിവഗിരി തോടുവരെ ഭാഗത്തെ വികസനത്തിനാണ് വിനിയോഗിക്കുക. നിലവിൽ കനാലിന്റെ മിക്ക ഭാഗങ്ങളും ചളിയും മണ്ണുംമൂടിയ നിലയിലാണ്. തിരുവനന്തപുരത്തുനിന്നും വടക്കൻ കേരളത്തിലേക്കും തിരിച്ചും ചരക്കുമായി നൗകകൾ സഞ്ചരിച്ചിരുന്ന ശിവഗിരി തുരങ്കങ്ങളടക്കം സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്.
ഏറെക്കാലം സംസ്ഥാനത്തെ ചരക്കുനീക്കങ്ങളുടെ പ്രധാന മാർഗമായിരുന്ന കനാലിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയിരുന്നില്ല. പശ്ചിമതീര കനാൽ നവീകരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം 2021 ഫെബ്രുവരിയിലാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.