കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.
രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്. അതിനാൽ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നൽകിയതെന്നാണ് വിവരം. വി.ആർ.ഡി.എൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.
ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗ വ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.