പശ്ചിമ ഘട്ട പരിസ്ഥിതി ലോല മേഖല: കേരളത്തിെൻറ ആവശ്യം കേന്ദ്രം തള്ളി
text_fieldsന്യൂഡൽഹി: പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തിൽ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതിലോല മേഖല(ഇ.എസ്.എ)യിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. അതേസമയം, അത്രയും പ്രദേശം 'നോൺകോർ' ആക്കി മാറ്റാമെന്ന വാഗ്ദാനം ആവർത്തിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അതിനായി കേരളത്തിെൻറ ഭാഗത്തുനിന്നുള്ള നിർദേശങ്ങൾ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് കേരള എം.പിമാരോട് ആവശ്യപ്പെട്ടു. അതേസമയം, അത്രയും പ്രദേശം 'നോൺ കോർ' വിഭാഗത്തിൽപ്പെടുത്തിയതിൽ കേരള എം.പിമാർ എതിർപ്പ് പ്രകടിപ്പിച്ചില്ല.
നോൺ കോർ വിഭാഗത്തിൽപ്പെടുന്ന പ്രദേശത്തെ ഭൂവിനിയോഗത്തിെൻറ നിയന്ത്രണം സംസ്ഥാന സർക്കാറുകൾക്ക് നൽകാമെന്ന് കേന്ദ്ര മന്ത്രി വാക്കാൽ ഉറപ്പുനൽകിയതായി യു.ഡി.എഫ്, ഇടത് എം.പിമാർ ന്യൂഡൽഹി കേരള ഹൗസിൽ വെവ്വേറെ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഇ.എസ്.എയിൽനിന്ന് അവ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തയാറല്ലെന്നും ഇരുകൂട്ടരും വ്യക്തമാക്കി.
ഇ.എസ്.എ പൂർണാർഥത്തിൽ ബാധകമായ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം 'കോർ' വിഭാഗത്തിലും കേരളം മാറ്റാൻ ആവശ്യപ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇളവുകളുള്ള 'നോൺ കോറി'ലും ഉൾപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. നോൺ കോറിൽ എന്തൊക്കെ ഇളവുകൾ അനുവദിക്കുമെന്ന കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എം.പിമാർ പറഞ്ഞു.
പാർലമെൻറ് മന്ദിരത്തിലെ മന്ത്രി ഭൂപേന്ദ്ര യാദവിെൻറ ഓഫിസിൽ വ്യാഴാഴ്ച ഉച്ച ഒരു മണിക്കാണ് പശ്ചിമ ഘട്ടം സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള എം.പിമാരുടെ യോഗം വിളിച്ചുചേർത്തത്. പശ്ചിമ ഘട്ടം വിജ്ഞാപനത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കേരള സർക്കാർ തങ്ങൾക്കുള്ള റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്നും നോൺകോർ വിഭാഗത്തിൽപ്പെടുത്തിയ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഏതൊക്കെയാണെന്ന് കേരളത്തിൽ പൊതുജനങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തണമെന്നും എം.പിമാരായ ഡീൻ കുര്യാക്കോസ്, എം.കെ രാഘവൻ, വി.കെ ശ്രീകണ്ഠൻ, ആേൻറാ ആൻറണി എന്നിവർ ആവശ്യപ്പെട്ടു.
ഈമാസം 31ന് മുമ്പ് കേന്ദ്ര സർക്കാറിന് പശ്ചിമ ഘട്ട വിജ്ഞാപനം ഇറക്കേണ്ടതിനാൽ കേരളത്തിെൻറ നിർദേശങ്ങൾ അതിന് മുെമ്പ സമർപ്പിക്കണമെന്നും അതല്ലെങ്കിൽ കേരളത്തിെൻറ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുമെന്നും എം.പിമാർ മുന്നറിയിപ്പ് നൽകി.
ഇതിനു ശേഷം വാർത്തസമ്മേളനം നടത്തിയ ഇടത് എം.പിമാരായ ജോൺ ബ്രിട്ടാസും ഡോ. വി. ശിവദാസനും 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം നോൺ കോർ വിഭാഗത്തിൽപ്പെടുത്താനുള്ള കേന്ദ്ര നിർദേശത്തെ യോഗത്തിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള ഒരു എം.പി പോലും എതിർത്തിട്ടില്ലെന്ന് പറഞ്ഞു.
ഇനി ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾമാത്രമാണ് ബാക്കിയുള്ളതെന്നും മന്ത്രിതലത്തിൽ ചർച്ചകളൊന്നുമില്ലെന്നും ഇരുവരും വ്യക്തമാക്കി.
കേരളം ആവശ്യപ്പെട്ടത്
ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലൂടെ പരന്നുകിടക്കുന്ന പശ്ചിമഘട്ടത്തിെൻറ സംരക്ഷണത്തിന് കസ്തൂരി രംഗൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ 2013ലാണ് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതിന് 2018ൽ കൊണ്ടുവന്ന ഭേദഗതിയിലാണ് 13,000ൽപരം കിലോമീറ്ററിൽനിന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിർദേശിച്ച 9993.7 ചതുരശ്ര കിലോമീറ്ററിലേക്ക് കേരളത്തിലെ പരിസ്ഥിതിലോല പ്രദേശം ചുരുങ്ങിയത്.
പിന്നീട് ഇടത് സർക്കാർ നിയോഗിച്ച വി.എച്ച്. കുര്യൻ സമിതി ഇത് 8656.4 ചതുരശ്ര കിലോമീറ്റർ ആക്കി പുനർനിർണയിച്ചതിെന തുടർന്നാണ് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതിലോല മേഖല (ഇ.എസ്.എ)യിൽനിന്ന് ഒഴിവാക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിൽ ഡിസംബർ നാലിന് നടന്ന സംസ്ഥാനങ്ങളുടെ യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും 1337.24 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഇ.എസ്.എയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.