ഹോ! എന്തൊരു ചൂട്... സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
text_fieldsതിരുവനന്തപുരം: ജില്ലയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതനിർദേശവുമായി ആരോഗ്യവകുപ്പ്. അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാമെന്നും യാത്രാവേളയിൽ വെള്ളം കരുതണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരം സിറ്റിയിൽ 36.3 ഡിഗ്രിയും തിരുവനന്തപുരം എയർപോർട്ടിൽ 34.8 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ചൂട് 39-40 ഡിഗ്രിവരെയാണ്. ജില്ലയിൽ രാത്രിയിലും പുലർച്ചയും അനുഭവപ്പെടുന്ന ചൂടിലും വർധനയുണ്ടായി.
വേനൽമഴയിൽ ഇന്നലെവരെ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 79.1 മി.മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് കേവലം 52.4 മി.മീറ്റർ മാത്രമാണ്. ശക്തമായ വേനൽമഴയുടെ സാഹചര്യം നിലവിൽ ജില്ലയിൽ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിലും ചൂട് വർധിക്കും.
11 മണി മുതൽ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കണം. മുന്നറിയിപ്പുണ്ട്. അവധിക്കാലമാണെങ്കിലും കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുതെന്നാണ് മറ്റൊരു നിർദേശം.
വേനലവധി ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി പുറത്തേക്ക് പോകുമ്പോൾ വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെയും വയോധികരെയും ഇരുത്തിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതരരോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കടകളിൽനിന്ന് പാനീയങ്ങൾ കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
മറ്റ് നിർദേശങ്ങൾ
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
- തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം
- പകൽസമയത്ത് പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം.
- കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം
- വീടിന്റെ വാതിലുകളും ജനാലകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.
- സൂര്യാഘാതം ഏറ്റതായി തോന്നുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
- ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം
- വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
- ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കണം
- പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.