ജിഷ്ണുവിനെന്തുപറ്റി; ഒരാണ്ടായിട്ടും ഉത്തരമില്ല
text_fieldsകോട്ടയം: വൈക്കം കുടവെച്ചൂരിൽ വെളുത്തേടത്തുചിറ വീട്ടിൽനിന്ന് പതിവുപോലെ ജോലിക്ക് പോയ ജിഷ്ണുവിന് (23) എന്തുസംഭവിച്ചു എന്നതിന് ഒരാണ്ടായിട്ടും ഉത്തരമില്ല. മൂന്നാഴ്ചക്കുശേഷം കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിേൻറതാണെന്നും ആത്മഹത്യ ചെയ്തതാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. എന്തിന് ആത്മഹത്യ ചെയ്തെന്നോ കൊലപാതകമായിരുന്നോ എന്നിങ്ങനെയുള്ള വീട്ടുകാരുടെ ചോദ്യങ്ങൾക്ക് വർഷം ഒന്നായിട്ടും കൃത്യമായ മറുപടിയില്ല. വൈക്കം കുടവെച്ചൂരിൽ വെളുത്തേടത്ത് ചിറ ഹരിദാസിെൻറയും ശോഭനയുടെയും ഇളയ മകൻ ജിഷ്ണു (23) കഴിഞ്ഞ ജൂൺ മൂന്നിന് രാവിലെ ജോലിക്ക് പോയതാണ്. കുമരകത്തെ ബാർ ഹോട്ടലിൽ കമ്പ്യൂട്ടർ വിഭാഗം ജോലിക്കാരനായിരുന്നു. വൈകീട്ട് ബാറിലെ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് ജിഷ്ണു ജോലിക്കെത്തിയില്ലെന്ന് വീട്ടുകാർ അറിഞ്ഞത്.
തുടർന്ന് വൈക്കം പൊലീസിൽ പരാതിയും നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഫോൺ ചെങ്ങളത്തുവെച്ച് ഓഫായതായി കണ്ടെത്തി. പിന്നീട് ഓണായിട്ടില്ല. കേസ് എങ്ങുമെത്താതിരുന്ന സമയത്താണ് 26ന് നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം വൃത്തിയാക്കുന്നതിനിടെ മരത്തിനു കീഴിൽ അസ്ഥികൂടം കണ്ടെത്തിയതും ജിഷ്ണുവിേൻറതാണെന്ന് തിരിച്ചറിഞ്ഞതും. സമീപത്തുനിന്ന് ജിഷ്ണുവിെൻറ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഫോണിലെ സിം കാർഡും ജിഷ്ണുവിേൻറതായിരുന്നു. ആത്മഹത്യയെന്നായിരുന്നു നിഗമനം.
ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലും തൂങ്ങിമരണമാണെന്നാണ് വ്യക്തമായത്. ഡി.എൻ.എ പരിശോധനയിലും ജിഷ്ണുവാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, എന്തിന് ആത്മഹത്യ ചെയ്തു, കുമരകത്തേക്ക് പോയ ജിഷ്ണു എങ്ങനെ നാട്ടകത്തെത്തി, കഴുത്തിലുണ്ടായിരുന്ന സ്വർണമാല എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. തലയോട്ടിയിൽ വലതുഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു. ആ വഴിക്കൊന്നും അന്വേഷണം നടന്നിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
അസ്ഥികൂടത്തിൽ കണ്ട വസ്ത്രങ്ങൾ ജിഷ്ണുവിെൻറയല്ലെന്നും മൃതദേഹാവശിഷ്ടം 23കാരേൻറതല്ലെന്നും വീട്ടുകാർ പറയുന്നു. ആത്മഹത്യയാണെന്ന തീരുമാനത്തിൽ കേസ് അവസാനിപ്പിച്ചെങ്കിലും മൃതേദഹാവശിഷ്ടങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല. വീട്ടുകാരുടെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.