മുനമ്പം വഖഫ് വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ മുസ്‍ലിം ലീഗിന് എന്താണ് അധികാരം- കെ. സുരേന്ദ്രൻ
text_fieldsപാലക്കാട്: മുനമ്പത്തെ വഖഫ് വിഷയത്തിൽ മുസ്‍ലിം ലീഗിൻറെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ് ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ് ലിം ലീഗിന് വഖഫ് കൈയേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിൻറെ നിലപാട്.
വഖഫ് കൈയേറ്റം നടത്താൻ ഇതുവരെ പറഞ്ഞത് മുസ് ലീം ലീഗാണോ? സർക്കാരാണോ മധ്യസ്ഥത വഹിക്കാൻ മുസ് ലീം ലീഗിനെ അയച്ചത്? കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരും യു.ഡി.എഫും സ്വീകരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് നിയമസഭയിൽ പറഞ്ഞ് മുസ് ലിം ലീഗ് തിരുത്താൻ തയാറാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
യഥാർഥത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയാണ്. അതിനോട് എന്താണ് ഇടത്- വലത് മുന്നണികളുടെ നിലപാട്. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പിൻവലിക്കാൻ ഇവർ തയാറുണ്ടോ? വഖഫ് അധിനിവേശം വെറും മതപരമായ പ്രശ്നമല്ല. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണ്. മുസ് ലിം ലീഗ് നടത്തുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളിൽ വന്ന ഇടതുപക്ഷത്തിൻറെ പരസ്യത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സി.പി.എമ്മും കോൺഗ്രസും ഒരു വിഭാഗത്തിൻറെ വോട്ടിന് വേണ്ടി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് ഫെസ്റ്റ് മുതൽ വഖഫ് വരെ അത് ജനങ്ങൾ കാണുന്നുണ്ട്. സി.എ.എ കാലത്ത് രണ്ട് മുന്നണികളും നടത്തിയ പ്രീണനം പാലക്കാട്ടുകാർ മറക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.