Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്ത്​ അപരാധമാണ്​ ആ...

എന്ത്​ അപരാധമാണ്​ ആ റിപ്പോർട്ടർ ചെയ്​തത്​; ദുരന്തഭൂമിയിലെ മാധ്യമപ്രവർത്തനത്തെ കുറിച്ച്​ ഉള്ളുലക്കും കുറിപ്പ്​

text_fields
bookmark_border
എന്ത്​ അപരാധമാണ്​ ആ റിപ്പോർട്ടർ ചെയ്​തത്​; ദുരന്തഭൂമിയിലെ മാധ്യമപ്രവർത്തനത്തെ കുറിച്ച്​ ഉള്ളുലക്കും കുറിപ്പ്​
cancel

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കലിലേയും ഇടുക്കിയിലെ കൊക്കയാറിലേയും ഉരുൾപ്പൊട്ടൽ ദുരന്തത്തെ സംബന്ധിച്ച വാർത്തകൾ ഞെട്ടലോടെയാണ്​ മലയാളി കേട്ടത്​. ഈ ദുരന്തത്തിന്‍റെ വ്യാപ്​തി കേരളത്തെ അറിയിച്ചതിൽ മാധ്യമങ്ങൾക്കും വലിയൊരു പങ്കുണ്ട്​. എന്നാൽ, കഴിഞ്ഞ ദിവസം കൂട്ടിക്കലിൽ വാർത്ത റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനോട്​ ഗൃഹനാഥൻ കയർത്ത്​ സംസാരിച്ചത്​ വലിയ രീതിയിൽ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി. ഇതിന്​ പിന്നാലെ ദുരന്തഭൂമിയിലെ മാധ്യമ റിപ്പോർട്ടിങ്ങിനെ കുറിച്ച്​ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺകുമാറിന്‍റെ കുറിപ്പ്​ ശ്രദ്ധേയമാവുകയാണ്​.

കോട്ടയം ജില്ല ഇൻഫർമേഷൻ ഓഫിസർ അരുൺകുമാർ എഴുതിയ കുറിപ്പ്​ വായിക്കാം

കൂട്ടിക്കലിൽ പ്രകൃതിദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ജോലിയുടെ ഭാഗമായി അവിടെയെത്തിയ ഒരാളാണ് ഞാൻ.ബഹു. സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ. വാസവൻ സാർ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമറിഞ്ഞ് ഞൊടിയിടയിൽ സർക്കാർ സംവിധാനങ്ങളെയും ഇതര സംവിധാനങ്ങളെയും സജ്ജമാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൻ്റെ ഭാഗമായാണ് ഞാനും അവിടെ എത്തുന്നത്.

വിവരിക്കാനാവാത്ത നാശനഷ്ടങ്ങളായിരുന്നു കൺമുന്നിൽ. നദീതീരത്തെ വീടുകളും കടകളും നിമിഷ നേരത്തിൽ തുടച്ചു നീക്കപ്പെട്ടതടക്കം സർവസ്വവും നഷ്ടപ്പെട്ടവരുടെ ദൈന്യതയാർന്ന മുഖങ്ങളാണ് കണ്ടത്. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിൽ. നിലയ്ക്കാത്ത മഴ, പ്രതികൂലമായ കാലാവസ്ഥ. മരങ്ങളും മണ്ണും കല്ലുമടിഞ്ഞ് ചപ്പാത്ത്, മണ്ണും കല്ലും വീണ് തകർന്ന റോഡ്, ഗതാഗത തടസം, ഉൾപ്രദേശങ്ങളിൽ എന്തു സംഭവിച്ചുവെന്നു പോലും സ്ഥിരീകരിക്കാനാവാത്ത അവസ്ഥ.

പ്രാദേശിക മാധ്യമങ്ങളടക്കം കോട്ടയത്തെ മാധ്യമ പ്രവർത്തകർ ആ നിമിഷം മുതൽ കൂട്ടിക്കലിൻ്റെയും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാത്തതിൻ്റെയും ദുരന്ത ചിത്രങ്ങൾ നമ്മുടെ നാടിനെ അറിയിക്കുന്നുണ്ടായിരുന്നു.

ദുരന്തത്തിന്‍റെ ആഘാതം ലോകം അറിഞ്ഞത് അവരിലൂടെയായിരുന്നു. ഒക്ടോബർ 17ന് വെളുപ്പിന് പ്ലാപ്പള്ളിയിലേക്കും കാവാലിയിലേക്കും തെരച്ചിലിനിറങ്ങിയവർക്കൊപ്പം മാധ്യമ പ്രവർത്തകരുമുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ നാടിന്‍റെ ദയനീയ ചിത്രം അവർ എല്ലാവരെയും അറിയിച്ചു. ഉടുതുണിയും ജീവനും മാത്രം അവശേഷിച്ചയാളുകളെക്കുറിച്ച് വാതോരാതെ പറഞ്ഞു. പ്രിയപ്പെട്ടവരെ കാണാതായവരുടെ തിരിനാളം പോലുള്ള പ്രതീക്ഷകൾ, നിരാശകൾ, സങ്കടങ്ങൾ, നാട്ടുകാർ നേരിടുന്നതും നേരിടാനിടയുള്ളതുമായ പ്രതിസന്ധികൾ, നഷ്ടങ്ങൾ ഒക്കെ അവരിലൂടെ നാടറിഞ്ഞു.

മുട്ടിനു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന വൈശാഖും (കാലിൽ ബാൻഡേജിട്ട് റിപ്പോർട്ട് ചെയ്യുന്നത് കാണാം) കോവിഡ് മാറിയിട്ടും അതിൻ്റെ അസ്വസ്ഥതകൾ അലട്ടിയിരുന്നതുമൂലം വിശ്രമം നിർദ്ദേശിക്കപ്പെട്ട അൻഷാദുമൊക്കെ മഴ നനഞ്ഞ്, വിശന്നിരുന്ന് പ്ലാപ്പള്ളിയിലും കാവാലിയിലും കൂട്ടിക്കലിലും ഉൾപ്രദേശങ്ങളിലുമെത്തി റിപ്പോർട്ട് ചെയ്യുന്നത് കണ്ടു.

ഇത് എഴുതുമ്പോഴും അവരെല്ലാം മുണ്ടക്കയത്തടക്കം ക്യാമ്പ് ചെയ്ത് അതു തുടരുകയാണ്. ജോലിയുടെ ഭാഗമെന്ന് വ്യാഖ്യാനിക്കാമെങ്കിലും ദുരിതബാധിതരുടെ കഷ്ടപ്പാട് പുറം ലോകമറിയട്ടെ, നടപടികളുണ്ടാവട്ടെയെന്ന, സഹായഹസ്തങ്ങൾ നീളട്ടെയെന്ന ബോധം റിപ്പോർട്ടിങ്ങിൽ കാണാം. ഉള്ളുലഞ്ഞാണ് അവർ മാർട്ടിൻ്റെ ആറംഗ കുടുംബത്തിൻ്റെ അന്ത്യകർമങ്ങൾ റിപ്പോർട്ട് ചെയ്തത്, അലൻ്റെ ജന്മദിനത്തിൽ അവൻ്റെ ശരീരഭാഗങ്ങൾക്കായി തെരച്ചിൽ നടത്തുന്നത് റിപ്പോർട്ട് ചെയ്തത്. ചിത്രങ്ങളെടുത്തത്.

ചെളിയും മണ്ണുമടിഞ്ഞ വീടുകളിലേക്ക് തിരികെ കയറാൻ നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങൾ അവർ പറഞ്ഞപ്പോഴാണ്, എഴുതിയപ്പോഴാണ് ലോകം കേട്ടത് , വിശ്വസിച്ചത്. മനസുള്ളവർ ഇതൊക്കെ കണ്ടും കേട്ടും വായിച്ചും സന്നദ്ധമായി അവിടെയെത്തി സഹായമേകുന്നു.

അങ്ങനെയൊരു റിപ്പോർട്ടിങ്ങിനിടെയാണ് മീഡിയ വണ്ണിലെ ടോബിയോട് ഒരു ഗൃഹനാഥൻ കയർക്കുന്നത് കണ്ടത്. പലരുമിത് ആഘോഷിക്കുന്നതു കണ്ടു. ദുരന്തമുണ്ടായതു മുതൽ ലൈവായുള്ള ആ റിപ്പോർട്ടിങ് സമയം വരെ വീട്ടിൽ പോലും പോകാതെ അവിടെ നിന്ന് കൂട്ടിക്കലിലെ ജനതയ്ക്കു വേണ്ടി ശബ്ദിച്ചയാളെയാണ് ലൈവ് റിപ്പോർട്ടിങ്ങിനിടെ അദ്ദേഹം ക്ഷുഭിതനായി നേരിട്ടത്. 'പണി നോക്കാൻ പറഞ്ഞ ' ഗൃഹനാഥന്‍റെ പെരുമാറ്റം ഒട്ടും ശരിയായില്ലെന്നാണ് എനിക്കു വ്യക്തിപരമായി തോന്നിയത്. അദ്ദേഹത്തോട് എന്ത് അപരാധമാണ് റിപ്പോർട്ടർ ചെയ്തത്? അനാവശ്യമായി ചോദ്യം ചോദിച്ചോ? ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് കയർത്തത്? പ്രതികരിക്കാനില്ലെന്ന് മാന്യമായി പറയാമായിരുന്നില്ലേ? ഏതു മാധ്യമ സ്ഥാപനവുമാകട്ടെ എന്താണ് അയാളോട് റിപ്പോർട്ടർ ചെയ്ത തെറ്റ്?

ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങളെന്ന് പറഞ്ഞ് ( വീഡിയോയിലെ തലക്കെട്ട് ) ചേട്ടായെന്ന് വിളിച്ച് പ്രതീക്ഷ പങ്കിടാനെത്തിയ ഒരാളോടാണ് അദ്ദേഹം കയർത്തത്,അത്തരത്തിൽ പ്രതികരിച്ചത്. അതു ശരിയായില്ലെന്ന് ഗൃഹനാഥന് പിന്നീട് ബോധ്യപ്പെട്ടേക്കാമെന്നാണ് എന്‍റെ പ്രതീക്ഷ. ആ നാടിനൊപ്പം ഊണും ഉറക്കവും ഉപേക്ഷിച്ച് നിന്ന ഒരാളെയാണ്, നാലഞ്ച് ദിവസം ആ നാടിനു വേണ്ടി അയാൾ ചെയ്ത വാർത്തകളെയാണ് നിമിഷ നേരം കൊണ്ട് അദ്ദേഹം തച്ചുടച്ചുകളഞ്ഞത്.

ആ വീഡിയോ കണ്ട്, ഷെയർ ചെയ്ത് ആഘോഷിക്കുന്നവരേ നിങ്ങൾ ആ നാട്ടുകാരനല്ലെങ്കിൽ മനസിലാക്കേണ്ടത് കൂട്ടിക്കലിലെ ജനങ്ങൾ നേരിടുന്ന എല്ലാ വിഷയങ്ങളും നിങ്ങളറിഞ്ഞതും വിശ്വസിച്ചതും മാധ്യമങ്ങളിലൂടെയാണെന്നതാണ്. കൂട്ടിക്കൽ ദുരന്തത്തിൻ്റെ വ്യാപ്തി പുറം ലോകത്തെത്തിച്ച നിരവധി മാധ്യമ പ്രവർത്തകരിൽ ഒരാൾ ടോബിയാണ്. വാർത്തകൾ സെർച്ച് ചെയ്താൽ അതു ബോധ്യപ്പെടും. കൂട്ടിക്കൽ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നേരത്തേ ഇയാൾ ലോകത്തെ അറിയിച്ചിട്ടില്ലേ.

ജനാധിപത്യത്തിൻ്റെ നാലാംതൂണാണ് മാധ്യമങ്ങൾ. അനീതികൾ, സ്വയം പരിഹരിക്കാൻ സാധിക്കില്ലെന്ന് തോന്നുന്ന പ്രതിസന്ധികൾ ഒക്കെ നേരിടുമ്പോൾ നാം ചിലപ്പോൾ ആദ്യവും ചിലപ്പോൾ അവസാനവും വിളിക്കുക ഇവരെയാണ്. പണി നന്നായി എടുക്കുന്നവരെന്ന തോന്നലും വിശ്വാസവും കൊണ്ടാണല്ലോ നമ്മൾ അവരെ തേടിപ്പോകുന്നത്. അങ്ങനെ തേടിയെത്തുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെന്ന് മനസിലായാൽ ഏതറ്റം വരെയും അവർ നിങ്ങൾക്കൊപ്പം നിലനിന്നിട്ടില്ലേ.

ന്യൂസ് 18 ലെ സുഹൃത്ത് അനീഷ് കൊക്കയാറിലെ റിപ്പോർട്ടിങ്ങിനിടെ മക്കൾ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്ന അച്ഛനെക്കുറിച്ച് എഴുതിയ എഫ്.ബി. കുറിപ്പ് വായിച്ച് ഞാൻ സങ്കടപ്പെട്ടിരുന്നു. ഉള്ളുപൊള്ളിയാണ് മാധ്യമ പ്രവർത്തകർ മാർട്ടിൻ്റെ ഏറ്റവും ഇളയ മകൾ സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്തത്. തകർന്ന വീടുകളുടെ ചിത്രമെടുക്കുന്നത്. അപ്പോഴൊക്കെ വീട്ടിലുള്ള മകളും കഷ്ടപ്പെട്ടു പണിത വീടുമൊക്കെ മനസിൽ വരും. അവരുടെ എഫ്.ബി. കുറിപ്പുകൾ വായിക്കുമ്പോൾ നമുക്കത് ബോധ്യപ്പെടും.

മാധ്യമ പ്രവർത്തകർ ദുരന്തഭൂമി കണ്ട് ഹരം പിടിച്ച ഹൃദയശൂന്യരെന്ന് കരുതുന്നവരുണ്ടാകാം. അവർക്ക് നല്ല നമസ്കാരം, നമോവാകം. ഞാൻ പലവട്ടം ആലോചിച്ചു- ആ മാധ്യമ പ്രവർത്തകൻ അയാളോട് ചെയ്ത തെറ്റെന്താണ്?



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalismheavy rain
News Summary - What crime did the reporter commit? An in-depth note on journalism in the disaster area
Next Story