Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.എഫ്‌.ഇയിൽനിന്ന്...

കെ.എസ്.എഫ്‌.ഇയിൽനിന്ന് ലഭിച്ച ഒരു കോടി കുടുംബശ്രീ എന്തു ചെയ്തു?

text_fields
bookmark_border
കെ.എസ്.എഫ്‌.ഇയിൽനിന്ന് ലഭിച്ച ഒരു കോടി കുടുംബശ്രീ എന്തു ചെയ്തു?
cancel

കോഴിക്കോട് :.സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കെ .എസ്.എഫ്‌.ഇയിൽനിന്ന് (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) അനുവദിച്ച ഒരു കോടി രൂപ കുടുംബശ്രീ വകമാറ്റി ചെലവഴിച്ചുവെന്ന് സി.എ.ജി റിപ്പോർട്ട്. സി.എസ്.ആർ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടിൽനിന്നാണ് ഒരു കോടി നൽകിയത്. ഇതിനായി കുടുംബശ്രീ സംസ്ഥാന മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, സ്ത്രീ ശാക്തീകരണത്തിന് ലഭിച്ച തുകയിൽ 95 ലക്ഷവും കുടുംബശ്രി അയൽക്കൂട്ട സംഘങ്ങളുടെ മാരാരി മാർക്കറ്റിങ് ലിമിറ്റഡിന് കൈമാറിയെന്ന് പരിശോധന സംഘത്തോട് കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സമ്മതിച്ചു. ഇതോടെ തുക വകമാറ്റി ചെലവഴിച്ചുവെന്ന് വ്യക്തമായി.

കുടുംബശ്രീ മിഷൻ സമർപ്പിച്ച നിർദേശത്തിൽ തുകയുടെ 90 ശതമാനം സ്ത്രീ ശാക്തീകരണ കാമ്പയിൻ, കാര്യശേഷി വർധനവ്, നൈപുണ്യ പരിശീലനം, ഹാൻഡ്ഹോൾഡിങ് തുടങ്ങിയവക്ക് ഉപയോഗിക്കുമെന്നായിരുന്നു. എന്നാൽ, മറ്റൊന്നിനും ചെലവഴിക്കാതെ 55 ലക്ഷവും മാരാരിക്ക് നൽകി. ലഭിച്ച മുഴുവൻ തുകയും അസംസ്കൃത വസ്തുക്കൾക്കായി ചെലവഴിച്ചതിന് കെ.എസ്.എഫ്.ഇയുടെ അംഗീകാരത്തിനായി (2020 ഡിസംബർ) കുടുംബശ്രീ മിഷൻ അപേക്ഷിച്ചെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.

'മാരി' എന്ന ബ്രാൻഡ് നാമത്തിൽ വിറ്റിരുന്ന കുട കോവിഡ് സീസണിൽവിൽപനയിലൂടെ വരുമാനം നേടുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, സി.എസ്.ആർ ഫണ്ടിൽ നിന്ന് താൽക്കാലിക സഹായമായി കുടുംബശ്രീ 40 ലക്ഷം വീണ്ടും അനുവദിച്ചു (2020 ജൂലൈ). കോവിഡ് പശ്ചാത്തലത്തിൽ സീസണിലെ കുട വിൽപന നഷ്ടമാവുകയും വിൽക്കാതെ സ്റ്റോക്ക് കുമിഞ്ഞുകൂടുകയും ചെയ്‌തതിനാൽ മാരാരി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് കുടുംബശ്രീ 2020 ഡിസംബറിൽ സർക്കാരിന് കത്തെഴുതി.

സീസണിൽ കുടകളുടെ വിൽപന കുറഞ്ഞതിനാൽ 2,000 അംഗങ്ങൾക്ക് (ഏകദേശം 100 മൈക്രോ എൻറർപ്രൈസസ്) ഉപജീവനമാർഗം നഷ്ടപ്പെട്ടതായും അറിയിച്ചു. 2020 ഡിസംബർ 31 ലെ കണക്കനുസരിച്ച്, പ്രതീക്ഷിച്ചിരുന്ന ഒരു ലക്ഷം കുടകളുടെ വിൽപനക്ക് പകരം ആകെ കുട വിൽപന 32,753 ആയി. പലിശരഹിത വായ്പയായി 40 ലക്ഷം മാരാരി ലിമിറ്റഡിന് സർക്കാർ അനുവദിച്ചു (2021 ജനുവരി). 2021 ഫെബ്രുവരി മുതൽ 24 ഗഡുക്കളായി തിരിച്ചടക്കണമായിരുന്ന ഈ വായ്പ തുകയുടെ തിരിച്ചടവ് 2023 ഏപ്രിലിൽ പോലും മാരാരി കുടുംബശ്രീക്ക് നൽകിയിട്ടില്ല.

വരാനിരിക്കുന്ന സ്കൂൾ തുറക്കലിനും മഴക്കാലത്തിനുമായി കുടുംബശ്രീ വഴി ഒരു ലക്ഷം കുടകൾ വാങ്ങുന്നതിന് 2019 ഡിസംബറിൽ സപ്ലൈകോയുമായി കുടുംബശ്രീ കരാറിൽ ഏർപ്പെട്ടുവെന്ന് മറുപടിയായി അറിയിച്ചു (2023 ഫെബ്രുവരി). ഈ വലിയ ഓർഡർ കണക്കിലെടുത്ത്, ഉൽപാദിപ്പിക്കുന്ന കുടകളുടെ സ്റ്റാൻഡേർഡൈസേഷനും ബ്രാൻഡിങ്ങും ചെയ്യാൻ തീരുമാനിച്ചു. കുട നിർമാണത്തിലെ വൈദഗ്ധ്യം കണക്കിലെടുത്ത് കുടുംബശ്രീ മാരാരിയെ ഓർഡർ ഏൽപിച്ചു.

മാരാരി ലിമിറ്റഡിന് ഫണ്ട് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബശ്രീ മിഷൻ സി.എസ്‌.ആർ ഫണ്ട് നേടിയതെങ്കിലും (രേഖകൾ പ്രകാരം കമ്പനി ഇതിനകം സാമ്പത്തിക സമ്മർദത്തിലായിരുന്നു) അതേക്കുറിച്ച് കെ.എസ്.എഫ്.ഇയെ അറിയിച്ചിരുന്നില്ല. കുടുംബശ്രീ മിഷനും മാരാരിയും തമ്മിലുള്ള കത്തിടപാടുകളിൽ നിന്നും ഇത് വ്യക്തമാണ്. 2021 ജൂലൈയിൽ കുടുംബശ്രീ മിഷൻ സി.എസ്‌.ആർ ഫണ്ട് അക്കൗണ്ടിലേക്ക് തിരിച്ചുകിട്ടിയ 40 ലക്ഷം ഇതുവരെയും ഏതെങ്കിലും തരത്തിലുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഒരിടത്തും കുടുംബശ്രീ മിഷൻ ഉപയോഗിച്ചിട്ടില്ല. കുടുംബശ്രീ സ്വീകരിച്ച നടപടിക്ക്, പിന്നീട് കുടുംബശ്രീ കെ.എസ്.എഫ്.ഇ യിൽ നിന്ന് അംഗീകാരം തേടിയെങ്കിലും (2020 ഡിസംബർ) ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

കുടുംബശ്രീ ഓഡിറ്റിന് നൽകിയ മറുപടിയിൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് (നൈപുണ്യ പരിശീലനം, പി.ഐ.പി, ഇ.ഡി.പി തുടങ്ങയവക്ക് പകരം) ഫണ്ട് വിനിയോഗിച്ച മാരാരിയുടെ നടപടി കുടുംബശ്രീ മിഷന്റെ അറിവോ അംഗീകാരത്തോടെയോ അല്ലെന്ന മട്ടിലാണ് വസ്തുതകൾ അവതരിപ്പിച്ചത്. എന്നാൽ, കുടുംബശ്രീയും മാരാരിയും തമ്മിലുള്ള കത്തിടപാടുകൾ സൂചിപ്പിക്കുന്നത്, മാരാരി ഫണ്ട് തേടിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് കുടുംബശ്രീ മിഷന് വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ്. അംഗീകാരത്തിനായുള്ള അഭ്യർഥനയോട് (2020 ഡിസംബർ) കെ.എസ്.എഫ്.ഇ പ്രതികരിക്കാത്തപ്പോൾ, സർക്കാർ പലിശ രഹിത വായ്പയായി 40 ലക്ഷം അനുവദിച്ചു. കമ്പനി ഈ തുകയും തിരിച്ചടച്ചിട്ടില്ല.

മാരാരി ലിമിറ്റഡിന് അനുകൂലമായി റിലീസ് ചെയ്ത 55 ലക്ഷം അവരുടെ സ്വന്തം കുട ക്ലസ്റ്റർ യൂനിറ്റുകൾക്ക് മാത്രമാണ് പ്രയോജനം ചെയ്തത്. കമ്പനിക്ക് പുറത്തുള്ള മറ്റൊരു അയൽക്കൂട്ടങ്ങൾക്കും പ്രയോജനം ലഭിച്ചിട്ടില്ല. ഈ ഫണ്ട് ഉപയോഗിച്ച് കുട നിർമാണം സംബന്ധിച്ച് മറ്റൊരു അയൽക്കൂട്ടത്തിനും ഒരു തരത്തിലുള്ള പരിശീലനവും നൽകിയിട്ടില്ല.

പൊതുവെ, മിഷനിൽ നിന്നുള്ള ഗ്രാൻ‌റുകളോ വായ്പകളോ 10 ലക്ഷം കവിയാറില്ലെങ്കിലും മാരാരിക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും സർക്കാർ/സി.എസ്.ആർ ഫണ്ടിങിൽ നിന്ന് ഗണ്യമായ പ്രയോജനം ലഭിച്ചു. മറ്റ് ഗുണഭോക്തൃ ഗ്രൂപ്പുകൾക്കിടയിൽ (കമ്പനികൾ, സി.ഡി.എസ്, അയൽക്കൂട്ടങ്ങൾ) ഇത്തരം ഭീമമായ സർക്കാർ ധനസഹായത്തിന്റെ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിച്ചതായി സൂചിപ്പിക്കുന്ന രേഖകളൊന്നും ഇല്ല.

കുടുംബശ്രീ മുമ്പ് ഒരു അവസരത്തിൽ (2018 മാർച്ച്) ഒരു കോടി മാരാരി അനുവദിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയിൽ നിന്നുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഓഡിറ്റിന് കുടുംബശ്രീ ഇതുവരെ നൽകിയില്ല. മരാരിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി സി.എസ്‌.ആർ ഫണ്ടിൽ നിന്ന് 40 ലക്ഷം താത്കാലികമായി വകമാറ്റിയത്തിന് (2020 ജൂലൈ) കെ.എസ്.എഫ്.ഇയിൽ നിന്ന് അനുമതി തേടിയിരുന്നില്ല. കമ്പനിക്ക് അനുകൂലമായി കുടുംബശ്രീ സ്വീകരിച്ച നടപടികൾ സി.എസ്.ആർ ചട്ടക്കൂടിന് വിധേയമല്ലാതിരുന്നതിനു പുറമെ, അനാവശ്യവും അനർഹവും ന്യായരഹിതവുമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി.

കോവിഡ് പശ്ചാത്തലത്തിൽ ഉപജീവനമാർഗം ലഭ്യമാക്കി സ്ത്രീ ശാക്തീകരണം നേടാനുള്ള നടപടിക്രമമാണ് സ്വീകരിച്ചതെന്ന കുടുംബശ്രീയുടെ ന്യായീകരണം നിലനിൽക്കില്ലെന്നാണ് റിപ്പോർട്ട്. എന്തെന്നാൽ, സി.എസ്.ആർ/സർക്കാർ ഫണ്ടുകൾ വിനിയോഗിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പിലാക്കാൻ കഴിയുന്ന ഒരു കർമ പദ്ധതി ഉറപ്പാക്കിയില്ല. മതിയായ ജാഗ്രത പുലർത്താതെയായിരുന്നു മിഷൻ ഒന്നിലേറെ തവണ മാരാരിക്ക് ഫണ്ട് നൽകിയത്.

ഏജൻസികൾക്ക് അനുവദിക്കുന്ന ധനസഹായം ആവശ്യപ്പെട്ട കാര്യത്തിനുവേണ്ടി തന്നെ ഘടകാടിസ്ഥാനത്തിൽ ചെലവഴിച്ചുവെന്നും, വിവിധ സ്രോതസുകളിൽനിന്ന് ഏതെങ്കിലും വ്യക്തി/ഏജൻസി/സ്ഥാപനം എന്നിവക്ക് ഫണ്ട് അനുവദിക്കുമ്പോൾ അവർക്ക് അനർഹമായ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് സർക്കാർ/കുടുംബശ്രീ ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbashree
News Summary - What did Kudumbashree do with the one crore received from KSFE?
Next Story