ദിവസവും അരോചകമായ വാർത്താസമ്മേളനങ്ങൾ നടത്തുന്നതല്ലാതെ എന്ത് ചെയ്തു? ഷാനിമോൾ ഉസ്മാൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.
സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നു.
വാർത്താ സമ്മേളനങ്ങൾ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കൾ കരുതരുതെന്ന് ഷാനിമോൾ ഉസ്മാൻ പരിഹസിച്ചു. നേതാക്കളെ ജനം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവും. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ.പി.സി.സി എന്തുചെയ്തുവെന്നും ഷാനിമോള്‍ ചോദിച്ചു.
ഇത്തരത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്നാണ് വി.ഡി സതീശന്‍ പരിഹസിച്ചത്.
പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ' എന്ന് ചോദിച്ച് വിഷ്ണുനാഥ് തിരിച്ചടിച്ചു. ബി.ജെ.പി.യും സി.പി.എമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു.
താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നു പി.ജെ. കുര്യന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം പാളി എന്ന കാര്യത്തിൽ എല്ലാവരും ഏക അഭിപ്രയമാണ് പങ്കുവെച്ചത്. സ്ഥാനാര്‍ഥികളെ സാമ്പത്തികമായും സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.
മധ്യകേരളത്തിൽ കോണ്‍ഗ്രസിന്‍റെയുംയും യു.ഡി.എഫിന്‍റെയും പരമ്പരാഗത വോട്ടില്‍ ശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടു മാത്രമല്ല ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇടിവ് വന്നതെന്ന് അഭിപ്രായമുയർന്നു. തിരുത്തല്‍ നടപടികള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നും യോഗത്തില്‍ അംഗങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.