'മലപ്പുറത്ത് ഇരിക്കുന്നവർക്ക് പൊന്നാനിയെ കുറിച്ച് എന്തറിയാം?'; സി.പി.എം യോഗത്തിൽ ജില്ല കമ്മിറ്റിക്ക് രൂക്ഷ വിമർശനം
text_fieldsമലപ്പുറം: സി.പി.എം പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ല കമ്മിറ്റിക്ക് രൂക്ഷ വിമർശനം. മലപ്പുറത്ത് ഇരിക്കുന്നവർക്ക് പൊന്നാനിയെ കുറിച്ച് എന്ത് അറിയാമെന്ന് ഒരു വിഭാഗം നേതാക്കൾ ചോദിച്ചു. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ടി.എം. സിദ്ദീഖ് തന്നെ സ്ഥാനാർഥിയാകണമെന്ന ആവശ്യം മുന്നോട്ട് വെച്ചു.
പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാല് അംഗങ്ങളും പൊന്നാനി നഗരം ലോക്കൽ കമ്മറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിൽ നിന്നുള്ള മൂന്ന് അംഗങ്ങളും രാജിവെക്കുകയുണ്ടായി. പ്രവർത്തകരുടെ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായ പ്രതിഷേധമാണ് പൊന്നാനിയിലേതെന്ന് ടി.എം. സിദ്ദീഖ് നേരത്തെ പ്രതികരിക്കുകയുണ്ടായി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറിയാണ് ടി.എം. സിദ്ദീഖ്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പോസ്റ്ററുകൾ വഴിയാണ് ആദ്യം പുറത്തെത്തിയത്. പി. ശ്രീരാമകൃഷ്ണനെ തന്നെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് മുകളിലാണ് ഈ പുതിയ പോസ്റ്ററുകൾ പതിച്ചത്. ഇമ്പിച്ചിബാവയ്ക്ക് ശേഷം പൊന്നാനിക്കാരനായ സ്ഥാനാര്‍ഥി വേണമെന്നായിരുന്നു ആവശ്യം.
പോസ്റ്ററിൽ നിന്ന് തുടങ്ങിയ പ്രതിഷേധം തെരുവിൽ അണപൊട്ടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അഞ്ഞൂറോളം പാർട്ടി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനറാണ് ഇവർ ഉയർത്തിപ്പിടിച്ചിരുന്നത്. ഇന്നത്തെ സി.പി.എം യോഗത്തിലും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.